Sunday, November 05, 2006

 

അതുല്യ,ദേവരാഗം,വിശാലന്‍,ശ്രീജിത്....ക്ഷമിക്കുക!

ഈ ബൂലോഗത്ത്‌ വലതുകാല്‍ വെച്ചുകയറിയതില്‍ പിന്നെ ഇന്നേവരെ സ്വന്തമായി ഒരു പോസ്റ്റ്‌ പോലും ചെയ്യാത്ത ഒരു സ്നേഹമുള്ള(വായനക്കാരോട്‌) ബ്ലോഗറായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ബ്ലോഗില്‍ നടന്നുവരുന്ന ചില കോലാഹല മലിനീകരണങ്ങള്‍ കാണുമ്പോള്‍ ഞാനും എന്റെ മൗന വാത്മീകം പൊളിക്കുന്നു. ബ്ലോഗില്‍ എഴുതാരില്ലെങ്കിലും ഒരുവിധം എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്‌! ഏതോ ഒന്നുരണ്ട്‌ പോസ്റ്റുകള്‍ക്ക്‌ കമന്റ്‌ എഴുതുകയും ചെയ്തു. (അതിലൊന്നില്‍ "ഉടന്‍ മഹാദേവി...എന്ന പദ്യഭാഗംത്തിലെ കുഴലിന്‌ കഴല്‍ എന്നെഴുതിപ്പോയത്‌ ഹേതുവായി ഉമേഷിന്റെ ഒരു തലോടലും കിട്ടി) അതുപോട്ടെ, എന്താണിപ്പോഴത്തെ പ്രശ്നം. വെളിക്കിരിക്കാത്തോന്‍ വെളിക്കിരിക്കുമ്പോള്‍ ഒന്നരക്കിലോമീറ്റര്‍ ദൂരത്തൂടെ നാട്ടാര്‍ക്ക്‌ വഴിനടക്കാന്‍ മേല എന്നു പറഞ്ഞ മാതിരി ആയി ഇപ്പോള്‍ കാര്യങ്ങള്‍. ഇതുവരെ വെറും ആശയപരമായി സംവാദങ്ങള്‍ നടത്തിയിരുന്നവര്‍ പരസ്പരം ചെളിയഭിഷേകം നടത്തി അന്യോന്യം നോക്കി അയ്യേ പറയുന്നു. ഉമേഷ്‌ കൈപ്പള്ളിയെ അല്‍പന്‍ എന്നു വിളിക്കുന്നതായി തോന്നുന്നു! അപ്പോള്‍ കൈപ്പള്ളി ഉമേഷിനെ അടിക്കും എന്നു പറഞ്ഞോ എന്നൊരു വര്‍ണ്ണ്യത്തിലാശങ്ക! അതോടെ അരവിന്ദനും ഉമേഷും മുണ്ടും മടക്കിക്കെട്ടി റോട്ടുമ്മലിറങ്ങി കൈപ്പള്ളിയോട്‌ പുത്തരിയങ്കം കുറിച്ചതായി കണ്ടു നിന്നവര്‍ അനുമാനിക്കുന്നു.ഇടിവാള്‍ ഇടയില്‍ കടക്കുന്നു...പാച്ചാളം കുറുകെയോടുന്നു....ഒടുക്കം താല്‍ക്കാലിക വെള്ളക്കൊടി. (മുന്‍പീ വെള്ള ക്കൗപീനം കണ്ടത്‌ ബാച്ചീ, നോണ്‍ബാച്ചീ സംവാദത്തിലായിരുന്നു..അതുപിന്നെ കാണാനൊരു രസമുണ്ടായിരുന്നു. പ്രതിപക്ഷ ബഹുമാനം വിടാത്ത ഒരു ചെറിയ നേരമ്പോക്ക്‌..)അതവിടെ തീര്‍ന്നോ? ഇല്ല! സംഭവം ഹേതുവായി പെരിങ്ങോടര്‍ ഇവിടെ ഒരു വലവിരിച്ചു. അതോടെ സംഗതി മറ്റൊരുതലത്തിലേക്ക്‌ കത്തിപ്പടരുകയും ചെയ്തു. ബ്ലോഗിലുണ്ടെന്ന്‌ പറയപ്പെടുന്ന ഗ്രൂപ്പുകളായി പിന്നത്തെ വിഷയം. അതെടുത്തിട്ടതോ സീനിയര്‍ ബ്ലോഗര്‍ അതുല്യയും. പറയാനുള്ളകാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാനുള്ള അതുല്യയുടെ പാടവം അവരുടെ പോസ്റ്റുകളും കമന്റുകളും പിന്തുടരുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. പക്ഷേ ദ്രൗപതിയും മൂന്നാമതൊരാളും ഞാനും എന്ന പോസ്റ്റില്‍ അവര്‍ക്കു ചുവട്‌ പിഴച്ചു എന്നു പറയാതെ വയ്യ. അവിടെ മറിയം കമന്റായിട്ട ഇംഗ്ലീഷ്‌ വേര്‍ഷന്റെ പച്ചയായ അനുകരനം ആയിരുന്നു അതെന്ന്‌ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അല്ലെങ്കില്‍ പ്രസ്തുത ഒറിജിനലിനോട്‌ ഒരു കടപ്പാടെങ്കിലും ചേര്‍ക്കാനുള്ള സാമാന്യമര്യാദ അവര്‍ക്ക്‌ കാണിക്കാമായിരുന്നു. ഇതൊന്നും ചെയ്യാതെ എങ്ങുമെത്താതെയുള്ള ഒരു വിശദീകരണവും നല്‍കി ആ പോസ്റ്റിന്മേലുള്ള ചര്‍ച്ച അവര്‍ അവസാനിപ്പിക്കുകയാണ്‌ ചെയ്തത്‌. അതിനു തുടര്‍ച്ചയായാണോ അവര്‍ പെരിങ്ങോടന്റെ പോസ്റ്റില്‍ ഗ്രൂപ്പിസം എന്നൊരു പുതിയ സംവാദക്കൊടുങ്കാറ്റിന്‌ തിരികൊളുത്തിയത്‌ എന്നൊരുസംശയം മറിയം ഉന്നയിച്ചും കണ്ടു. എന്തായാലും ബ്ലോഗാഭിമ്മനിയില്‍ മാഗ്നിഫയറിന്റെ ഒരു കമന്റില്‍ കണ്ടപോലെ രാജാവിന്‌ തുണീം കോണോനുമില്ല എന്ന്‌ വിളിച്ചുപറയാനുള്ള ചങ്കുറപ്പ്‌ അതുല്യ കാണിച്ചു. ഇവരില്‍ പലരേയും നാളെയും കാണേണ്ടതാണല്ലോ എന്നത്‌ അവരെ അതുപറയുന്നതില്‍ നിന്നും തടഞ്ഞുമില്ല. അത്രയും നല്ലത്‌. പക്ഷേ ആ കുറിപ്പിനുശേഷം വന്ന പിന്മൊഴികളില്‍ പെരിങ്ങോടരടക്കം പലരും സമ്മതിച്ച ഒരുകാര്യമുണ്ട്‌. വ്യക്തിബന്ധങ്ങളുടെ കെട്ടുപാടുകള്‍ ഒരു ബ്ലോഗറുടെ സൃഷ്ടിയെ വിലയിരുത്തുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്‌ എന്നതാണത്‌. ഈ ഒരു വസ്തുതയെ ഒന്നു വിശകലനം ചെയ്യേണ്ടതുണ്ട്‌ എന്നു തോന്നുന്നു. അതിനുമുന്‍പ്‌ ഒരു മുന്‍കൂര്‍ ജാമ്യം. ഇനി തുടര്‍ന്ന്‌ വരുന്ന ഭാഗങ്ങളില്‍ ഏതെങ്കിലും സൃഷ്ടിയേയോ ബ്ലോഗറേയോ എവിടെയെങ്കിലും പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ അതവരോടുള്ള വ്യക്തിവിദ്വേഷമോ അല്ലെങ്കില്‍ പക്ഷപാതിത്വമോ ആയി കാണാതിരിക്കുക. ചിലബ്ലോഗര്‍മാര്‍ അല്ലെങ്കില്‍ ചില സൃഷ്ടികള്‍ എന്നു പറയുന്നത്‌ ഒരു തരം ഭീരുത്വമാകും. പറയാനുള്ളത്‌ കഴിയുന്നതും കൃത്യമായി പറയാനാണെനിക്കിഷ്ടം.

ആദ്യമായി ആലോചിക്കാനുള്ളത്‌ മലയാളം ബ്ലോഗുകളില്‍ വരുന്ന രചനകളെ സത്യസന്ധമായി വിലയിരുത്താന്‍ ഇതുവരെ ആരെങ്കിലും ആത്മാര്‍ത്ഥമായുള്ള വല്ല ശ്രമവും നടത്തിയിട്ടുണ്ടോ എന്നാണ്‌. കണ്ണുംപൂട്ടി ഇല്ല എന്നുത്തരം. ബ്ലോഗ്‌ വാരഫലം എന്നപേരില്‍ ശ്രീ ഉമേഷ്‌ ഉച്ചിവെയ്ക്കലും ഉദകക്രിയയും ഏതാണ്ട്‌ ഒരേസമയം നടത്തിയ ഒരുശ്രമം മാത്രം എടുത്തുപറയാം. പിന്നെ ഇപ്പോള്‍ ബ്ലോഗാഭിമാനി. അതിന്റെ ഉപഞ്ജാതാക്കള്‍ തന്നെ പറയുംപോലെ ഒരു തമാശ. അതിനെ അങ്ങിനെയേ കാണാനൊക്കൂ. ഈ ഒരു അവസ്ഥയ്ക്ക്‌ കാരണവുമുണ്ട്‌. അറിഞ്ഞിടത്തോളം ഒരുമാതിരിയെല്ലാ മലയാളം ബ്ലോഗ്ഗര്‍മാരും ഒരുപാടു തിരക്കുകള്‍ക്കിടയില്‍നിന്നു വീണുകിട്ടുന്ന അല്ലെങ്കില്‍ അപഹരിച്ചെടുക്കുന്ന ഒരിത്തിരി സമയം ബ്ലോഗിങ്ങിനുവേണ്ടി കണ്ടെത്തുന്നവരാണ്‌. ഈ ഒരു ചുരുങ്ങിയ സമയം കൊണ്ട്‌ ദിനേന വരുന്ന പോസ്റ്റുകള്‍ ഒന്നു ഓടിച്ചു നോക്കുവാനുള്ള സമയം പോലും മിക്കവര്‍ക്കുമില്ല. പിന്നല്ലേ വിലയിരുത്തലും വിശകലനവും! അപ്പോള്‍ സ്വാഭാവികമായും ഒരു ബ്ലോഗര്‍ ആദ്യം ചെയ്യുന്നത്‌ താന്‍ വല്ലപോസ്റ്റും ഇട്ടിട്ടുണ്ടെങ്കില്‍ അതിനു വല്ല കമന്റ്സും ഉണ്ടോ എന്നു നോക്കലായിരിക്കും. പിന്നെ പിന്മൊഴികളും, തനിമലയാളവും തുറന്നു നോക്കി വളരെ സെലക്ടീവ്‌ ആയുള്ള ഒരു ഓടിച്ചുവായിക്കല്‍. ഈ സെലക്ടീവ്‌ റീഡിംഗാണ്‌ അതുല്യ പറയുന്ന ഗ്രൂപ്‌ ആയി രൂപാന്തരം പ്രാപിക്കുന്നത്‌. മിക്കവര്‍ക്കും ബ്ലോഗിംഗിനു പുറത്തുള്ള സൗഹൃദങ്ങളും ബന്ധങ്ങളും ഈ ഒരു തെരഞ്ഞെടുക്കലിനെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്‌. ആ ഒരു സര്‍ക്കിളിനു പുറത്തേക്ക്‌ തങ്ങളുടെ സുഹൃദ്ഭാവനയെ വ്യാപരിപ്പിക്കാന്‍ പലരും തയ്യാറാവുന്നില്ല എന്നിടത്താണ്‌ പുതുതായി ബ്ലോഗില്‍ വരുന്നവരുടെ ദുര്യോഗം ഇരിക്കുന്നത്‌. അതെത്ര നല്ല എഴുത്തുകാരനായാലും! ഉദാഹരണത്തിന്‌ ഹരികുമാര്‍ എന്ന അറിയപ്പെടുന്ന എഴുത്തുകാരനെ ബ്ലോഗിലൂടെ അറിയാന്‍ എത്രപേര്‍ ശ്രമിച്ചു? അതുപോലെ മേതില്‍ രാധാകൃഷ്ണന്‍. ഗൗരവതരമായ വായനയ്ക്ക്‌ ഈ ബ്ലോഗ്‌ ലോകത്തില്‍ സ്ഥാനമില്ല എന്നു മനസ്സിലാക്കിയാണെന്നു തോന്നുന്നു, അവരാരും ഇപ്പോള്‍ ഈ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കുന്നില്ല. ഇപ്പോള്‍ പി.പി രാമചന്ദ്രന്‍ മാത്രമുണ്ട്‌ ആ ഒരു ഗണത്തില്‍. അതും എത്ര നാളത്തേയ്ക്ക്‌ എന്നറിയില്ല. (കൂട്ടത്തില്‍ പറയട്ടെ, കെട്ടിയ കുറ്റിക്കു ചുറ്റും കറങ്ങാതെ ഒരുമാതിരി എല്ലാവരുടെ രചനകളിലും, അത്‌ പുതിയവരായാലും പഴയവരായാലും, "കൊള്ളാം, നന്നായിരിക്കുന്നു" എന്നൊരു കയ്യൊപ്പുചാര്‍ത്താന്‍ സുമനസ്സ്‌ കാണിക്കുന്ന ഒരാളേയും കണ്ടെത്താന്‍ കഴിഞ്ഞു. വല്ല്യമ്മായി.)അങ്ങിനെ നോക്കുമ്പോള്‍ ഈ മലയാളം ബ്ലോഗിംഗ്‌ എന്നത്‌ സാഹിത്യപരമായ കാരണങ്ങള്‍ കൊണ്ടല്ല നിലനിന്നുപോകുന്നത്‌. മറിച്ച്‌ വ്യക്തിപരമായ, സൗഹൃദപരമായ അല്ലെങ്കില്‍ ആശയപരമായ ചില കാരണങ്ങള്‍ കൊണ്ടാണ്‌. ഒന്നുകൂടെ തെളിച്ചുപറഞ്ഞാല്‍ സര്‍ഗ്ഗാത്മകമായ ഒരു ചാറ്റിംഗ്‌ മാത്രമാകുന്നു ബ്ലോഗിംഗ്‌! ചിലപ്പോള്‍ സര്‍ഗാത്മകമല്ലാത്ത ചാറ്റിംഗും. അതുകൊണ്ടാണ്‌ മികച്ച രചനകളേക്കാള്‍കൂടുതല്‍ ചര്‍ച്ചകള്‍ കാമ്പും കഴമ്പുമില്ലാത്ത ചില പോസ്റ്റുകളില്‍ നടക്കുന്നത്‌. വിവാഹിതന്മാരും അവിവാഹിതന്മാരും ചേര്‍ന്ന്‌ നടത്തിയ സംവാദക്കോലാഹലങ്ങള്‍ ഉദാഹരണം. ഒന്നുകൂടെ വിശദമാക്കാം.

ശ്രീ ദേവരാഗം യൂ.ഇ.ഇ യിലെ ഒരു കടപ്പുറത്ത്‌ വെറുതേ കടലിലേക്കു നോക്കിക്കൊണ്ടിരിക്കുന്ന ഒരു ഫൊട്ടോ ഒരു ബ്ലോഗില്‍ വരുന്നു (ആ ബ്ലോഗില്‍ എന്തിടണം എന്നു തീരുമാനിക്കാനുള്ള ബ്ലോഗറുടെ സ്വാതന്ത്ര്യത്തെയല്ല ഞാന്‍ പരാമര്‍ശിക്കുന്നത്‌)പ്രത്യേകിച്ചൊരു പ്രത്യേകതയും ഇല്ലാത്ത ഒരു പടം. അപ്പോള്‍ പ്രസ്തുത പോസ്റ്റിനു വരുന്ന പിന്മൊഴികള്‍ ഏതുവകുപ്പില്‍ പെടുത്താം. ദേവന്‍ എന്ന വ്യക്തിയുടെ പേഴ്സണല്‍ എക്കൗണ്ടില്‍ വരുന്ന കമന്റുകളാണവ. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കാരണമായി കൂടുതല്‍ വിപുലമായ ഒരു പരിചയവലയം അദ്ദേഹത്തിനുള്ളത്‌ കൊണ്ട്‌ അത്രയും കമന്റുകള്‍ അതിനു കൂടുതലുണ്ടാവുന്നു. നേരെ മറിച്ച്‌ സ്നേഹപൂര്‍വം കടലിലേക്കു നോക്കിക്കൊണ്ടിരിക്കുന്ന ഒരു പടം ഈ ബ്ലോഗില്‍ വന്നാലോ. "എന്താമാഷേ കടലീച്ചാടി വടിയാവാന്‍ വല്ല പരിപാടിയുമുണ്ടോ" എന്ന്‌ പാച്ചാളം ഒരു കമന്റിട്ടാലായി. അതു തന്നെയാണതിന്റെ വ്യത്യാസവും. വിപുലീകരിച്ച ഒരു തരം ചാറ്റിംഗ്‌. അതുമാത്രമായി നിലനിന്നുപോകുന്നു ബ്ലോഗിംഗ്‌. ഒരു തല്‍സമയ ഉദാഹരണം കൂടെ തരാം. നാട്ടീന്നു വന്നതിനുശേഷം വിശാലമനസ്കന്‍ കൊടകരപുരാണത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്‌. "നിരപരാധി". അദ്ദേഹത്തിന്റെ മുന്‍കാല രചനകള്‍ വെച്ചു നോക്കുമ്പോള്‍ ശരാശരിക്കും താഴെ മാത്രം മാര്‍ക്ക്‌ കൊടുക്കാന്‍ പറ്റുന്ന ഒരു പോസ്റ്റ്‌. ഇതുവരെയായി "അപ്പോള്‍ശരി" മുതല്‍ "കുഞ്ഞന്‍സ്‌ വരെയുള്ളവരുടെ കമന്റുകള്‍ വന്നു. അവയിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിനോക്കൂ. ഇരിങ്ങല്‍ രാജു, അതുല്യ ഒരളവുവരെ പെരിങ്ങോടര്‍ ഇവരെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുള്ളവര്‍ ആ പോസ്റ്റിനല്ല മറിച്ച്‌ വിശാലമനസ്കന്‍ എന്ന വ്യക്തിക്കാണ്‌ കമന്റ്‌ ചെയ്തിരിക്കുന്നത്‌ എന്നു തോന്നും. ശ്രീ സന്തോഷ്‌ അക്കാര്യം തുറന്നുപറയുകയും ചെയ്തു.ഇതേ പൊതുസ്വഭാവം തന്നെ ശ്രീജിത്തിന്റെ "മണ്ടത്തരങ്ങളില്‍" വന്ന പരീക്ഷാ മണ്ടത്തരത്തിലും കാണാം. പണ്ടെങ്ങോ ആരൊക്കെയോ പറഞ്ഞു തേഞ്ഞ ഒരു നാലാംകിട ഫലിതം പൊടിതട്ടിയെടുത്ത്‌ ബ്ലോഗിലിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കും? തീര്‍ച്ചയായും ഈ തട്ടകത്തില്‍ ശ്രീജിത്‌ എന്ന വ്യക്തി സജീവമായി നിലനില്‍ക്കുന്നുണ്ടെന്നും അതു മറ്റുള്ള സഹബ്ലോഗര്‍മാര്‍ മറന്നുപോകരുതെന്നുമുള്ള ഒരു സ്വയം അടയാളപ്പെടുത്തല്‍. അങ്ങിനെയല്ലേ അതിനെ നിര്‍വചിക്കാന്‍ പറ്റൂ? (ബഹുമുഖങ്ങളായ കഴിവുകള്‍ ഉള്ള ശ്രീജിത്തിനെപോലുള്ളവര്‍ ഇത്തരം വിലകുറഞ്ഞ ഗിമ്മിക്കുകള്‍ക്ക്‌ പിന്നാലെ പോകുന്നതെന്തിന്‌ എന്ന ചോദ്യം നമ്മുക്ക്‌ വേറെ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു) ഒരര്‍ഥത്തില്‍ കമന്റുകളും മറുകമന്റുകളും അനുഷ്ഠിക്കുന്ന പ്രാഥമികമായ കര്‍ത്തവ്യവും ഇതുതന്നെ. സ്വയം അടയാളപ്പെടുത്തല്‍! (ദേവരാഗവും വിശാലനും ശ്രീജിത്തുമൊക്കെ മലയാളം ബ്ലോഗ്‌ലോകത്തിന്റെ അറിയപ്പെടുന്ന ഐക്കണുകള്‍ ആയത്‌ കൊണ്ടാണ്‌ അവരെ ഉദാഹരണമായെടുത്തത്‌, അല്ലാതെ ഞാന്‍ അവരുടെ എതിര്‍ ഗ്രൂപ്പില്‍ മെംബര്‍ഷിപ്‌ എടുത്തത്‌ കൊണ്ടല്ല എന്നു വ്യക്തമാക്കട്ടെ)അപ്പോള്‍ മലയാളം ബ്ലോഗിംഗ്‌ എന്നത്‌ വ്യക്തികളെ കേന്ദ്രീകരിച്ച്‌ കറങ്ങുന്ന ഒരു ബൂലോഗം ആണ്‌ - തല്‍ക്കാലത്തേക്കെങ്കിലും - എന്ന ഒരു സാമാന്യവല്‍ക്കരണം എളുപ്പം സാധ്യമാണ്‌ ഒരു സ്ഥിര വായനക്കാരന്‌ എന്നുവരുന്നു. ഉത്തരം തന്നെ വളഞ്ഞിരിക്കുമ്പോള്‍ പിന്നെ കഴുക്കോലുകള്‍ക്കെന്തു പ്രസക്തി? രചനകള്‍ തന്നെ ഇവ്വിധമാകുമ്പോള്‍ അവയെ അധികരിച്ചുള്ള വിശകലങ്ങള്‍ക്കെവിടെ സ്ഥാനം? ആ പാഴ്‌വേലയ്ക്കാര്‍ക്കു നേരം? അല്ലേ! മറ്റൊന്നുകൂടി. സര്‍വശ്രീ എം. കൃഷ്ണന്‍ നായരും, ഗുപ്തന്‍ നായരും(അവരുടെ ആത്മാക്കള്‍ക്ക്‌ നിത്യശാന്തിയായിരിക്കട്ടെ) ആഷാമേനോനും, സുകുമാര്‍ അഴീക്കോടും, ഡോ. ലീലാവതിയുമൊക്കെ വിമര്‍ശനവും വിശകലനവും നടത്തുമ്പോള്‍ ആ കൃത്യത്തിന്‌ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിനും, സമയത്തിനുമൊക്കെ പ്രതിഫലം എന്നൊരു പ്രലോഭനം ഉണ്ടായിരുന്നു അല്ലെങ്കില്‍ ഉണ്ട്‌. ഇവിടെ പുണ്യത്തിനു പൂരപ്പാട്ട്‌ പാടുംപോലുള്ള ഈ ബ്ലോഗ്‌ വിശകലന ഇടപാടിന്‌ സ്വതേ തന്നെ സമയം കമ്മിയായ ബ്ലോഗെഴുത്തുകാരില്‍ ആരെങ്കിലും മുതിര്‍ന്നിട്ടെന്തു കിട്ടാന്‍? അതും ഒരു കാരണം.

ഇനി അപൂര്‍വമായെങ്കിലും ബ്ലോഗില്‍ കാണപ്പെടാറുള്ള ചില കഴമ്പുള്ള ചര്‍ച്ചകളില്‍ കാണപ്പെടാറുള്ള ഒരു വാദത്തെക്കുറിച്ച്‌. എന്റെ ബ്ലോഗ്‌ എന്നത്‌ എന്റെമാത്രം ബ്ലോഗാവുന്നു. അതില്‍ എനിക്കിഷ്ടമുള്ളത്‌ ഞാന്‍ പോസ്റ്റായിടും. നിങ്ങള്‍ക്ക്‌ സൗകര്യമുണ്ടെങ്കില്‍ വായിച്ചാപ്പോരേ? എഗ്രീഡ്‌, ഞങ്ങള്‍ക്ക്‌ സൗകര്യമുണ്ടെങ്കിലേ വായിക്കുന്നുള്ളൂ. പക്ഷേ നിങ്ങളെന്തിനാണ്‌ കമന്റുകളിടാനുള്ള ഓപ്ഷന്‍ തുറന്നുവെച്ചിരിക്കുന്നത്‌? അതിനര്‍ഥം വായനക്കാരുടെ പ്രതികരണവും അഭിപ്രായങ്ങളും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്‌ എന്നതു തന്നെയല്ലേ? നിങ്ങളുടെ സൃഷ്ടിയെ മറ്റുള്ളവരുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചിട്ട്‌, " ഹേയ്‌ ഞാന്‍ ഈ കമന്റുകളിലൊന്നും വിശ്വസിക്കുന്നില്ല" എന്നു പറയുന്നത്‌ വിലകുറഞ്ഞ ഒരു തരം ജാടയല്ലാതെ മറ്റെന്താണ്? അപ്പോള്‍ ബാല്യദശ പിന്നിട്ടിട്ടില്ലാത്ത ഈ ബ്ലോഗിംഗിന്റെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണെന്ന്‌ നമുക്ക്‌ അംഗീകരിക്കാം. പക്ഷേ സ്വയം പ്രകാശനത്തിന്റേയും കൂട്ടായ്മയുടെയും പാതയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഈ മാധ്യമത്തെ വ്യക്തിതാല്‍പര്യങ്ങള്‍ക്കതീതമായി വളര്‍ത്തിയെടുക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നൊരു ചര്‍ച്ചയാണ്‌ യഥാര്‍ത്തത്തില്‍ ഈ ഭൂമികയെ സ്നേഹിക്കുന്ന ഒരാള്‍ ആഗ്രഹിക്കുക!

ഇനി ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടും ബ്ലോഗെഴുത്തുകാരില്‍ നിന്ന്‌ മൂല്യവത്തും അര്‍ഥവത്തുമായ സൃഷ്ടികള്‍ രൂപംകൊള്ളുന്നില്ലേ? വാക്കുകളോട്‌ ആത്മാര്‍ത്ഥതയും, എഴുത്തിനോട്‌ പ്രതിബദ്ധതയും ഉള്ള എഴുത്തുകാര്‍ ഈ തട്ടകത്തില്‍ ഇല്ലേ? തീര്‍ച്ചയായും ഉണ്ട്‌ എന്നു തന്നെയാണ്‌ ഉത്തരം. വളരെച്ചുരുങ്ങിയ കാലം എനിക്കു ബ്ലോഗ്‌ ലോകവുമായുള്ള പരിചയത്തിനിടയില്‍ വായിക്കാന്‍ ഇടയായ ഇത്തരം വളരെച്ചുരുക്കം രചനകളെക്കുറിച്ചും എഴുത്തുകാരെക്കുരിച്ചും കൂടെ പറയാതെ ഇതവസാനിപ്പിക്കുന്നത്‌ ശരിയല്ല എന്നു തോന്നുന്നു. സമയപരിമിതിയും എഴുത്തിന്റെ നീളക്കൂടുതല്‍ എന്ന ബോധവും കാരണമായി ആ വിഷയം മറ്റൊരു പോസ്റ്റ്‌ ആയിടുന്നതാവും ഉചിതം. (എന്തായാലും തുടങ്ങി, ഇനി തീര്‍ത്തിട്ട്‌ നിര്‍ത്താം അല്ലേ?)

Comments:
അതുല്യ,ദേവരാഗം,വിശാലന്‍, ശ്രീജിത്...ക്ഷമിക്കുക. ഇത്രയും പറയാതിരിക്കാന്‍ വയ്യ.
 
സ്വാഗതം :) പോസ്റ്റിനെപ്പറ്റി അഭിപ്രായം ഒന്നും ഇല്ല. അല്ലെങ്കില്‍ പറയാന്‍ അറിയില്ല. ഞാന്‍ എല്ലാരുടേം പോസ്റ്റിന് കമന്റിടാറുണ്ട് കേട്ടോ. അതുകൊണ്ട് ഇവിടേം ഇട്ടതാ. വ്യക്തിപരമായ വിമര്‍ശനം ഉള്ള പോസ്റ്റുകളേക്കാള്‍ നന്നായിരിക്കില്ലേ, ഒരു കവിതയും, കഥയും?
 
ബൂലോഗര്‍ എല്ലാവരും വായിച്ചിരിക്കേണ്ടതും ഒരു സ്വയം വിമര്‍ശനത്തിനു തയ്യാറാകേണ്ടതുമായ ഒരു പോസ്റ്റ്.

എനിക്ക് പലപ്പോഴും വിളിച്ചു പറയണമെന്നു തോന്നിയിട്ടുള്ളതാണ് താങ്കള്‍ പറഞ്ഞത്.
 
ഒരു നിഷേധക്കുറിപ്പുണ്ട്:

പക്ഷേ ആ കുറിപ്പിനുശേഷം വന്ന പിന്മൊഴികളില്‍ പെരിങ്ങോടരടക്കം പലരും സമ്മതിച്ച ഒരുകാര്യമുണ്ട്‌. വ്യക്തിബന്ധങ്ങളുടെ കെട്ടുപാടുകള്‍ ഒരു ബ്ലോഗറുടെ സൃഷ്ടിയെ വിലയിരുത്തുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്‌ എന്നതാണത്‌.

സൃഷ്ടികളെ വിലയിരുത്തുന്നതിനിടയില്‍‍ വ്യക്തിബന്ധങ്ങളുടെ കെട്ടുപാടുകള്‍ എന്നെ അധീരനാക്കുന്നില്ല. ഒരാളെ കുറിച്ചു വ്യക്തിപരമായി എന്തെങ്കിലും അഭിപ്രായം പറയേണ്ടിവരുമ്പോള്‍ അപ്രിയമായ സത്യങ്ങള്‍ പറയുവാനുള്ള മടി‍ ഒരു നിമിഷം ശങ്കിപ്പിച്ചിരുത്താറുണ്ടെന്നു സത്യം. കൈപ്പള്ളിയുടെ കാര്യത്തില്‍ അങ്ങിനെയൊന്നു സംഭവിച്ചു എന്നായിരുന്നു ഞാന്‍ പിന്മൊഴികളില്‍ ചേര്‍ത്തതു്.

ലേഖനം തുടര്‍ന്നു വായിക്കട്ടെ...
 
ഞാനും പലപ്പോഴും പറയണം എന്ന് ആഗ്രഹിച്ച കാര്യങ്ങളാണ് ഈ പോസ്റ്റില്‍!
 
രാജാവ്‌ തുണിയുടുത്തിട്ടില്ലേ....
 
പറഞ്ഞതിനൊട് മുഴുവന്‍ യൊജിപ്പിലെങ്കിലും ചര്‍ച്ചയുണ്ടാകേണ്ട വിഷയമാ‍ണത്, പക്ഷെ വിഴിതെറ്റിയില്ലെങ്കില്‍ മത്രം, വ്ഴി തെറ്റിക്കുന്നില്ലെങ്കിലും.
 
ലേഖനം നന്നായി, ബ്ലോഗില്‍ സൌഹൃദങ്ങള്‍ക്കുള്ള ‘സ്പേസ്’ നമുക്കു് അവഗണിക്കുവാനാകാത്തതാണു്. അതു പഠനവിധേയമാകേണ്ടതല്ലെന്നും തോന്നുന്നു. ഉദാഹരണത്തിനു്, ദേവരാഗത്തിന്റെ കഥകള്‍ക്കൊന്നും സൌഹൃദത്തിലൂന്നിയുള്ള കമന്റുകള്‍ കണ്ടിരുന്നില്ല എന്നാണെന്റെ ഓര്‍മ്മ. സൌഹൃദങ്ങളും ബന്ധങ്ങളും സ്വാധീനിക്കുന്ന സെലക്റ്റീവ് റീഡിങ് എന്നൊന്നുണ്ടെങ്കില്‍ ദേവന്റെ കഥയ്ക്കും, അയാള്‍ കടല്‍‌തീരത്തിരിക്കുന്ന ചിത്രത്തിനും ഏറെക്കുറെ ഒരേ തരത്തില്‍, ഒരു വിഭാഗത്തില്‍ പെടുന്ന ആളുകളുടെ കമന്റുകള്‍ വരേണ്ടിയിരുന്നു.

പിന്മൊഴികളെ easygoing comments ആയി മിക്കവാറും എല്ലാവരും ഉപയോഗിച്ചിട്ടുണ്ട്, എന്നാല്‍ ഇതില്‍ ചിലര്‍ ആ comments -ന്റെ സാധ്യതകളെ പലപ്പോഴും വളരെ ക്രിയാത്മകമായും ഉപയോഗിച്ചിട്ടുമുണ്ടു്. ഈ ബ്ലോഗിന്റെ ലേഖകന്‍ പ്രസിദ്ധീകരിക്കുന്ന പഠനത്തില്‍ രണ്ടാമതു പറഞ്ഞ തരക്കാരുടെ കമന്റുകളെ അടിസ്ഥാനമാക്കി ചര്‍ച്ച നടത്തുന്നതാവും മെച്ചപ്പെട്ട റിസല്‍ട്ട് തരിക.
 
സഖാവേ, എന്റെ പരീക്ഷാമണ്ടത്തരം എന്ന പോസ്റ്റ് നാലാംകിട ഫലിതം ആണെന്ന് തുറന്ന് പറയാന്‍ കാണിച്ച ധൈര്യത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഇതിനുമുന്‍പും എന്റെ പോസ്റ്റുക്കളില്‍ ചിലത് വെറും വളിപ്പാണെന്ന് പലരും ചാറ്റ് ചെയ്യുമ്പോള്‍ പറഞ്ഞിരുന്നെങ്കിലും ആരും അത് കമന്റായി ഇട്ടിരുന്നില്ല. ഇതുപോലെ ഉള്ള വിമര്‍ശനങ്ങളും ആത്മാര്‍ത്ഥമായ വിലയിരുത്തലുകളും നല്ലതാണ്, എനിക്കിഷ്ടവുമാണ്. എന്നാലേ അത് നന്നാക്കാനുള്ള ശ്രമവും ഉണ്ടാകൂ.

എന്നാല്‍ കഴിഞ്ഞ ആഴ്ച/ആഴ്ചാവസാനം നമ്മള്‍ കണ്ട കമന്റ് കൊണ്ടുള്ള യുദ്ധത്തില്‍ നിന്ന് വ്യക്തിഹത്യ ചെയ്യാതെ വിമര്‍ശിക്കാനോ, വിമര്‍ശനം വന്നാല്‍ അത് സമചിത്തതയോടെ കൈകാര്യം ചെയ്യാനോ ഇവിടെ ഉള്ള മുതിര്‍ന്ന ബ്ലോഗേര്‍സിന് വരെ കെല്‍പ്പില്ല എന്ന് എല്ലാവര്‍ക്കും മനസ്സിലായി. ഒന്ന് പ്രകോപിച്ചപ്പോള്‍‍ നിന്നെ ഞാന്‍ തല്ലും എന്ന് ഒരാളും, എന്നെ തൊട്ടാല്‍ നീ വിവരമറിയും എന്ന് വേറെ ഒരാളും, നീന്നെക്കാള്‍ ചട്ടമ്പിയാണ് ഞാന്‍ എന്ന് മനസ്സിലാക്കിക്കോ എന്ന് മറ്റൊരാളും പറഞ്ഞതില്‍ നിന്ന് താങ്കള്‍ പറഞ്ഞ ഈ സത്യസന്ധമായ വിലയിരുത്തലുകള്‍ക്കും വന്നേക്കാവുന്ന ദുരവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. അത് കൊണ്ട് മനസ്സ് കൊണ്ട് താങ്കള്‍ പറഞ്ഞ ആശയങ്ങളോട് യോജിക്കുമ്പോഴും ഇതിന്റെ പ്രായോഗികതയെപ്പറ്റി എനിക്ക് സംശയം തോന്നുന്നു.

ഒന്നുകൂടി പറഞ്ഞ് കൊള്ളട്ടെ. ഓഫീസില്‍ തിരക്കുകള്‍ കൂടുതലായതുകൊണ്ട് കമന്റിടാനോ മറ്റുള്ളവരുടെ പോസ്റ്റുകള്‍ വായിക്കാനോ സമയം കിട്ടുന്നില്ല. എങ്കിലും ഞാന്‍ ഇവിടെ ഒക്കെ ഞാന്‍ ഉണ്ട് എന്ന് തെളിയിക്കാന്‍ ചെയ്യുന്ന ബോധപൂര്‍വ്വമായ ശ്രമമാണ് എന്റെ മിക്ക പോസ്റ്റുകളും. അക്കാര്യത്തില്‍ ഞാന്‍ താങ്കളോട് യോജിക്കുന്നു. എന്നാല്‍ ആ കഥ കേട്ടുപഴകിയ ഒന്നെടുത്ത് ഞാന്‍ പ്രയോഗിച്ചതല്ല, ഇത് നടന്ന ഒരു സംഭവം തന്നെയാണ്. എന്നാലും താങ്കള്‍ക്കടക്കം പലര്‍ക്കും അങ്ങിനെ അത് തോന്നാതിരുന്നത് എന്റെ എഴുത്തിന്റെ കുറ്റമെന്ന് സമ്മതിക്കുന്നു.
 
പ്രിയ സ്‌നേഹപൂര്‍വ്വം.

പറഞ്ഞതില്‍ കഴമ്പുണ്ട്. ബൂലോഗത്തിന് ഗുണകരമായ തരത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാവട്ടേ.

ഒരു ഓ.ടോ:

നിരപരാധി യെ നാട്ടില്‍ പോകുന്ന ദിവസം എഴുതിയിട്ട് ‘എയിമായില്ല’ എന്ന് ബോധ്യമായതുകൊണ്ട് പോസ്റ്റാതെ മരുഭൂമിയില്‍ ഉപേക്ഷിച്ചു പോയതാണ്. തിരിച്ചുവന്നപ്പോള്‍ ഓര്‍ത്തു എഴുതിയതല്ലേ ‘കെടക്കട്ടേ’ ന്ന്!

കൊച്ചുകൊച്ച് അനുഭവങ്ങള്‍ എനിക്കനവധിയുണ്ടെങ്കിലും ഓര്‍ക്കുന്നതും അതെഴുതുന്നതും എനിക്ക് രസകരമായ കാര്യമാണെങ്കിലും എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നവയെല്ലാം സത്യത്തില്‍ പറഞ്ഞു തീര്‍ന്നു. അതുകൊണ്ട് പറയട്ടേ, കൊടകര പുരാണത്തില്‍ ഒരു പോസ്റ്റ് പോലും നിങ്ങളെ ഇനി ചിരിപ്പിക്കാന്‍ വഴിയില്ല.

ഞാന്‍ ബ്ലോഗില്‍ വരുമ്പോള്‍ ഏറിയാല്‍ പത്ത് അല്ലെങ്കില്‍ ഇരുപത് എന്ന് വിചാരിച്ചാ വന്നത്. അതിപ്പോള്‍ 45 നു മുകളില്‍ ആയി.

ഏത് പോസ്റ്റ് എഴുതുമ്പോളും ഞാന്‍ പ്രതീക്ഷിക്കുന്ന എനിക്കുള്ള സന്തോഷം എനിക്ക് കിട്ടുന്നുണ്ട്. പിന്നെ വായനക്കാരുടെ എക്സ്പെക്റ്റേഷന്‍. പ്രാക്റ്റിക്കല്‍ ആയി പറഞ്ഞാന്‍ അതിന് എനിക്ക് ഒന്നും ചെയ്യാനില്ല.

കൊടകര ചന്തയിലും ടാക്സി പേട്ടയും ആളുകളെ ഇന്റര്‍വ്യൂ ചെയ്ത് ‘കഥ’ തേടി നടക്കാന്‍ പറ്റുമോ ബ്ലോഗിലെഴുതാന്‍?

എന്റെ നയം വീണ്ടും വ്യക്തമാക്കട്ടെ, പ്രയോഗിച്ച കമ്പാരിസണും സന്ദര്‍ഭങ്ങളും പരമാവധി ഒഴിവാക്കി വ്യസ്ത്യമായവ ഓര്‍ത്തെടുത്ത് നമ്മുടെ ആ ഒരു രീതിയില്‍ ഇങ്ങിനെ ഒരു ടൈമ്പാസിന് വേണ്ടി എഴുതുന്നു.

ദിവാ പറഞ്ഞ കണക്കേ, A, B, C, D, E, F എന്നൊക്കെ നിങ്ങള്‍ തീരുമാനിച്ചോളൂ.

ആരും വായിച്ചാലും ഇല്ലേലും പോസ്റ്റിങ്ങ് മുറക്ക് നടക്കും. :)

ഞാന്‍ വിചാരിച്ചതിലും അപ്രത്ത് കവറേജ് കിട്ടിയ എനിക്ക് ബ്ലോഗിനോടും ബ്ലോഗരോടും എപ്പോഴും തികഞ്ഞ സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളൂ.

(ഇതെഴുതുമ്പോള്‍ എന്റെ മുഖം പഴയ സിനിമകളിലെ വേണു നാഗവള്ളിയുടെ നിരാശ കാമുകന്റെ യൊന്നുമല്ലാട്ടാ. :) ഒരിക്കലും അങ്ങിനെയൊരു റോളില്ല. എല്ലാം ഒരു രസം. നേരമ്പോക്കിന്റെ ഭാഗം മാത്രം)
 
കൊള്ളാം മാഷേ, നല്ല പോസ്റ്റു തന്നെ.
പറഞ്ഞിരിക്കുന്നപലതും അച്ചട്ട്! തുറന്നു പറഞ്ഞ ഗട്ട്സീനു അഭിനന്ദനങ്ങള്‍.

ഈ കമന്റു താങ്കള്‍ക്കു വ്യക്തിപരമായല്ല, ലേഖനത്തിനായി ഡെഡിക്കേറ്റു ചെയ്തിരിക്കുന്നു ;)
 
സ്നേഹപൂര്‍വ്വം,
വായിച്ചിടത്തോളം നല്ല പോസ്റ്റാണ്‌. ബാക്കി കൂടി പോരട്ടെ .

ചില കാര്യങ്ങള്‍ക്ക്‌ ഒരോ അഡെന്‍ഡം എഴുതണമെന്നും തോന്നി.

1. വ്യക്തിബന്ധങ്ങള്‍ തീര്‍ച്ചയായും വായന+കമന്റ്‌ വേണോ വേണ്ടേ എന്ന കാര്യത്തില്‍ മലയാളത്തിനെന്നല്ല, എല്ലാ ബ്ലോഗുകള്‍ക്കും ഉണ്ട്‌. ഒരു സ്വകാര്യ സ്വത്തുപോലെയാണ്‌ ബ്ലോഗുകള്‍ നടന്നു പോരുന്നത്‌. സാധാരണ ഒരുത്തന്‍ ബ്ലോഗ്ഗിയാല്‍ അവനറിയുന്ന ചിലര്‍ മാത്രം നോട്ടിഫൈ ചെയ്യപ്പെടുന്നു, അതില്‍ ചിലര്‍ വായിക്കുന്നു, കമന്റിടുന്നു.

ബ്ലോഗ്ഗുകളുടെ ഈ ദുരവസ്ഥയില്‍ നിന്നും ഒരുപാടു കാലം ബൂലോഗത്തെ തനിമലയാളവും പിന്മൊഴിയും ഭദ്രമായി കാത്തിരുന്നു. ബ്ലോഗ്‌ സേര്‍ച്ചില്‍ ഒരു അഞ്ചു പോസ്റ്റും പിന്മൊഴിയില്‍ ഇരുപതു കമന്റും. ബൂലോഗം ഞാന്‍ വാമനനെപ്പോലെ പ്രതിദിനം മൂന്നാലു ചുവടില്‍ അളന്നിരുന്നു. ഇന്ന് പത്തറുനൂറു പേര്‍ ഇരുന്നു ആയിരക്കണക്കിനു മൊഴിയുമ്പോള്‍ ഞാന്‍ അതില്‍ കീ വേര്‍ഡുകളെ തിരയാന്‍ നിര്‍ബ്ബന്ധിതനാകുകയാണ്‌. പച്ചരിക്കുള്ള കാശുണ്ടാക്കുന്ന സമയം, ഉറങ്ങുന്ന സമയം, യാത്ര ഇതൊന്നും വഴി തിരിച്ച്‌ വായിക്കാന്‍ വിടാന്‍ വയ്യല്ലോ.

2. പുതിയ ബ്ലോഗര്‍മാരെ എതാണ്ട്‌ മൊത്തത്തില്‍ മിസ്സ്‌ ആകുന്നു. ബ്ലോഗാഭിമാനി തുടങ്ങിയപ്പോള്‍ ഞാന്‍ ഒന്നേ ആവശ്യപ്പെട്ടുള്ളു, കൊള്ളാവുന്ന പുതിയ ആളുകളെ പരിചയപ്പെടുത്താന്‍. ഹരികുമാറിനു ബ്ലോഗുണ്ടായിരുന്നെന്നുപോലും എനിക്കറിയില്ലായിരുന്നു ഇതുവരെ
(മേതില്‍ ആക്റ്റീവായി രംഗത്തുണ്ടെന്നു തന്നെ അറിവും വിശ്വാസവും). ഈ മലവെള്ളപ്പാച്ചിലില്‍ റോബിയെപ്പോലെ നല്ല ആരൊക്കെയോ ഞാനെന്നല്ല ആരും കാണാതെ പോകുന്നു.

3. ബ്ലോഗ്‌ എന്റെ സ്വന്തം സ്വത്താണ്‌ തോന്നുന്നപോലെ ചെയ്യുമെന്ന വാദം ഭാഗികമായി ശരിയാണ്‌. ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ കൊള്ളാമെന്നോ കൊള്ളില്ലെന്നോ ഇമ്മാതിരി വിവരക്കേടെഴുതിയതുകൊണ്ട്‌ മേലാല്‍ ഈ ബ്ലോഗ്ഗില്‍ ഞാന്‍ കയറില്ലെന്നോ വരെ പറയാം കമന്റിന്‌. പക്ഷേ ഞാന്‍ ബ്ലോഗെഴുതനോ വേണ്ടയോ അല്ലെങ്കില്‍ എന്തു തരം ബ്ലോഗാണു തുടങ്ങേണ്ടത്‌ എന്നൊക്കെ ആരു പറഞ്ഞാലും കേള്‍ക്കാനും പോകുന്നില്ല. ഈ സ്വാതന്ത്ര്യമാണ്‌ ബ്ലോഗ്‌ സ്വന്തം സ്വത്ത്‌ എന്ന് പലയിടത്തും പലരും പറഞ്ഞു കാണുന്നത്‌ . എനിക്കുമേല്‍ പത്രാധിപരില്ല, എന്റെ കൃതി പ്രസിദ്ധീകരിക്കാന്‍ ആരും അനുവാദം തരേണ്ടതില്ല, അതു വായിക്കാനാരും കാശും മുടക്കേണ്ടതില്ല. അതെടുതു തോട്ടിലെറിയാനും ബുദ്ധിമുട്ടില്ല.

സ്ഥിരമായി ആരും കമന്റിയില്ലെങ്കില്‍ ബ്ലോഗന്‍ കടയടച്ചു പോകും എന്നത്‌ വേറേ.

4. ബ്ലോഗ്‌ സാഹിത്യത്തിന്റെ മാത്രം ലോകമൊന്നുമല്ല. അതില്‍ ഇന്നതുപോലെ, ഇന്ന നിലവാരത്തില്‍ മാത്രം, ഇന്നതെഴുതണം എന്ന നിബന്ധനകളുടെയൊന്നും പാടില്ല താനും. ചിത്രമായും കവിതയായും ഫലിതമായും രാഷ്ട്രീയമായും സ്വകാര്യ സന്ദേശമായും ശാസ്ത്രപുസ്തകങ്ങളായും ഡയറിക്കുറിപ്പുകളായും ഓഡിയോ ഫയലായും കമന്റായും
നോവലെറ്റായും ഗ്രാഫിക്ക്‌ ഡിസൈനുക്കളായും പിന്നെങ്ങെനെയൊക്കെ ഒരു വ്യക്തിക്ക്‌ സ്വന്തം ആശയം അവനവനു തോന്നിയപോല്‍ വ്യക്തമാക്കാമോ അങ്ങനെയെല്ലാം ചെയ്യാനുള്ളതാണ്‌. ശരിയോ ശരാശരിയോ ആഢ്യാസ്യദ്വയമോ ബ്ലോഗുകള്‍ക്കില്ല.
[ഇന്നത്തെ ബൂലോഗം റീഡേര്‍സ്‌ ഡൈജസ്റ്റ്‌ പോലെയാണ്‌. കുറച്ചു ലേഖനങ്ങള്‍, പിന്നെ കുറെ നിര്‍ദ്ദോഷ തമാശകള്‍, രണ്ട്‌ ആര്‍ട്ട്‌ വര്‍ക്ക്‌. അവസാന പേജ്‌ എത്തി. ഇതിനിടേല്‍ സാഹിത്യനെ കിട്ടിയാലായി ഇല്ലേലായി.]

5. കമന്റുകളുടെ മറ്റൊരു പ്രത്യേകതയാണ്‌ ബ്രാന്‍ഡ്‌ ലോയല്‍റ്റി. വര്‍ഷങ്ങളായി ഓരോരുത്തരെഴുതുമ്പോള്‍ സമാനമായ ചിന്തകള്‍ ഉള്ളവര്‍ ഒരുതരം പെയര്‍ ബോണ്ടിംഗ്‌ ആ ബ്ലോഗുമായി നടത്തുന്നു. ഉദാഹരണമായി പാപ്പാന്‍ എന്ന ബ്ലോഗറുടെ ചിന്തകളുമായി നല്ല സാമ്യം എന്റേതിനു പലപ്പോഴും തോന്നിയിട്ടുള്ളതുകൊണ്ട്‌ എനിക്കൊരു ബ്രാന്‍ഡ്‌ ലോയല്‍റ്റി ഉണ്ടാകുന്നത്‌ സ്വാഭാവികം. ഇദ്ദേഹമെന്തിട്ടാലും ഞാന്‍ അത്‌ തപ്പിയെടുത്ത്‌ വായിക്കും. എന്തെഴുതണമെന്ന് ബ്ലോഗനോട്‌ നിര്‍ദ്ദേശിക്കാന്‍ പാടില്ലാത്തതുപോലെ എന്തു വായിക്കണമെന്ന് റീഡനെയും നിര്‍ബന്ധിക്കാനാവില്ലല്ലോ. ബോണ്ടിംഗ്‌ ഒരു ചീത്ത കീഴ്വഴക്കമാണെന്നു പറയുന്നത്‌ "ഇന്ന് യു ഏ ഇ യില്‍ വലിയ ചൂടുള്ള ദിവസം" എന്നു പറയുന്നതുപോലെ ഒരു വെറും നിരീക്ഷണമാണ്‌. ചൂടുണ്ടെന്നു പറഞ്ഞയാള്‍ക്ക്‌ സൂര്യനെ തണുപ്പിക്കാനാവില്ലല്ലോ. ഈ ബോണ്ടിംഗ്‌ അറിയുന്ന ആളുകളോട്‌ എന്നൊന്നുമില്ല. എനിക്കു ബോണ്ടിങ് ഉള്ള സീയെസ്സ് എന്ന ബ്ലോഗര്‍ ആരാണെന്നോ എവിടാണെന്നോ ഒന്നുമറിയില്ല. അറിയേണ്ടത് ഒരാവശ്യവുമല്ല.

6. അവസാനമായി, എഴുതുന്ന കാര്യം, ഭാഷയുടെ ഗൌരവം, കോണ്ടക്സ്റ്റ്‌, തീം ഒക്കെ എത്രകണ്ട്‌ ലഘുവാകുന്നോ അത്രകണ്ട്‌ ഹിറ്റും കമന്റും കൂടുമെന്ന് എനിക്കു തോന്നുന്നു. സൈറ്റ്‌ സ്റ്റാസ്റ്റിസ്റ്റിക്സ്‌ സൂക്ഷിക്കുന്ന ആരെങ്കിലും ഇതൊന്ന്
പരിശോധിച്ചാല്‍ നന്നായിരുന്നു.

ഇതൊക്കെയാണെങ്കിലും ആരോ എന്നോ എഴുതി പിന്നെന്‍
ആര്‍ക്കെങ്കിലും ബൂലോഗത്തിനു മൊത്തത്തില്‍ റിവ്യൂ എഴുതാനുള്ള മിച്ചസമയം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അതിന്റെ വലിപ്പം അതിനുമപ്പുറമായി. ഒരു കൂട്ടം സ്പെഷ്യലൈസ്ഡ്‌ വിമര്‍ശകര്‍- സാഹിത്യ നിരൂപകര്‍, ശാസ്ത്ര നിരൂപകര്‍ എന്നിങ്ങനെ സ്പെഷ്യലിസ്റ്റുകള്‍ ഉരുത്തിരിഞ്ഞു വരുമെന്നു പ്രതീക്ഷിക്കുന്നു.

അച്ചടി മാദ്ധ്യമങ്ങളില്‍ ആരോ എന്നോ എഴുതി വേറൊരാള്‍ തിരുത്തി പിന്നെന്നോ അച്ചടിച്ച്‌ വന്ന് കുറേ അപരിചിതര്‍ ഗൌരവപൂര്‍വ്വം വായിച്ച്‌ നടത്തുന്ന വിലയിരുത്തലുകള്‍ മാത്രമേ ഉണ്ടാവാറുള്ളു. ബൂലോഗത്തിനു ജൈവമായതും തത്സമയം തന്നെ പരസ്പരം ആശയവിനിമയം നടത്തുന്നതും, പലപ്പോഴും കൃതിയെ തന്നെ മാറ്റിമറിക്കുന്നതുമൊക്കെയായ ഒരു closed environment ആണ്‌ ഉള്ളത്‌. അതൊരു ശക്തിയെന്നതിനെക്കാള്‍ ദൌര്‍ബല്യമാണ്‌. എങ്കിലും രസകരവുമാണ്‌. ഞാന്‍ ഒരു വിശ്വോത്തര സാഹിത്യ സൃഷ്ടി അങ്ങോട്ട്‌ നടത്തിയെന്നു വയ്ക്കുക( വയ്ക്കാന്‍ പ്രത്യേകിച്ച്‌ ചിലവൊന്നുമില്ലല്ലോ, എന്റൊരു മോഹമല്ലേ) അതിനു ഒരായുഷ്കാലം കിട്ടാന്‍ പോകുന്ന കമന്റുകളെക്കാള്‍ കൂടുതല്‍ ഇബ്രുവിന്റെ കല്യാണം എന്നൊരു ത്രെഡ്‌ തുടങ്ങുന്നവര്‍ക്ക്‌ ഒറ്റ ദിവസം കൊണ്ട്‌ കിട്ടും. സന്ദേശക്കമന്റുകള്‍ മേല്‍പ്പറഞ്ഞ അവസ്ഥയുടെ ഫലമായി ഭവിക്കുന്നതാണ്‌.

അല്ലാ, ക്ഷമ ചോദിക്കാന്‍
എന്താപ്പോ ഇവിടെ നടന്നെ? ഇനി ആളു മാറി വല്ല ക്ഷമയും എനിക്കിട്ടു കിട്ടിയതാണോ?
 
എങ്ങിനെ? , എന്തിന് ? എന്നീ സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴേക്കും, സമയപരിധി തീരുന്ന പരീക്ഷയാണ്‌ ജീവിതം.

തെറ്റാണോ ശരിയാണോ എന്ന് ഉറപ്പിക്കുന്നതിനിടയില്‍ അറിയാതെ നഷ്ടപ്പെട്ട്‌ പോകുന്ന മേല്‍വിലാസമാണ്‌‍ ജീവിതം.
:( qw_er_ty
 
മോനേ ശ്രീജിത്തേ
അധികം നല്ലപിള്ള ചമയല്ലേ കുട്ടാ...

ഇപ്പോ തനിക്ക് എന്താ വേണ്ടേ?
അഭിപ്രായസ്വാതന്ത്ര്യം..അല്ലേ?ഇവിടെ നല്ല പോസ്റ്റെഴുതുന്ന കുറേപ്പേരെ വേറെ കുറേപ്പേര്‍ കളിയാക്കുന്നതും, പാര വയ്ക്കുന്നതും കേട്ട് രസിക്കണം.അതെല്ലേ മനസ്സിലെ അഭിപ്രായ സ്വാതന്ത്ര്യം?

വെറുതേ പറയുന്നതല്ലെ...
പണ്ട് അമേരിക്കയിലെ ഒരു വനിതാ ബ്ലോഗറെക്കുറിച്ച് താന്‍ ഇതേ പോലെ വായില്‍ തോന്നിയത് എഴുതി വച്ച കോലാഹലം താന്‍ മറന്നാലും വേറെ ആരും മറന്നു കാണുമെന്ന് തോന്നുന്നില്ല.
അതേ പോലെ വ്യക്തിഹത്യകള്‍ ചെയ്യാന്‍ ഇപ്പോ സ്വന്തം പേടി, വല്ലവനും ചെയ്താല്‍ കയ്യടി അല്ലേ? എന്നിട്ട് ഒളിച്ചും പതുങ്ങിയും സദാചാരപ്രസംഗം!

അതിബുദ്ധിമാന്‍ തന്നെ.ശരിക്കും :-)

മാനസിക രോഗമാണ് കേട്ടോ ഇത്..ഒരുതരം കോം‌പ്ലെക്സ് ആണ്. ബാംഗ്ലൂരില്‍ ചികിത്സ കാണണം.

സ്വയം അഡ്മിന്‍ പവറെടുത്ത് കുളം തോണ്ടിയ ക്ലബ്ബില്‍ പോരേ ഈ മൂരാച്ചി ഏര്‍പ്പാട്?

തന്നെപ്പോലെയുള്ളവരുടെ മുന്‍പില്‍ വച്ച് ഒരു പെണ്ണിന്റെ തുണിയുരിഞ്ഞാലും മാറി നിന്ന് എല്ലാം കഴിയുമ്പോ
അവന്‍ ചെയ്തത് ശരിയായില്ല, ഇവന്‍ ചെയ്തത് ശരിയായില്ല എന്ന് ഡാവ് വിടാനേ കൊള്ളൂ.

ഒരുത്തന്‍ വെല്ലുവിളിച്ചു, വേറെ കുറേപേര്‍ അതേ ഭാഷയില്‍ മറുപടിയും പറഞ്ഞു. അടിയും ക്ഷമയും കഴിഞ്ഞ് അവരു വീട്ടിലും പോയി.
അങ്ങാടിയൊഴിഞ്ഞപ്പോളാണോ അനിയാ ധൈര്യവും മഹത്വവും കാണിക്കാന്‍ മെല്ലെ പുറത്തിറങ്ങുന്നത്?

ഓരോരോ വേഷം കെട്ടുകള്‍! :-))
 
മായാവീ, കുറേ നാളായി കാണാനില്ലായിരുന്നല്ലോ. തിരക്കിലായിരുന്നോ?

+91 9886502373 എന്നതാണ് എന്റെ ഫോണ്‍ നമ്പര്‍. ഒന്ന് വിളിക്കുമോ പ്ലീസ്.
 
സ്നേഹപൂര്‍വത്തിനു, സത്യമായിട്ടും ഇത്‌ ദേവന്റെ കമന്റീന്നാണു ശ്രദദ്ധിച്ചത്‌. പച്ചരീ വാങ്ങാനുള്ള തത്രപാടില്‍, കുത്തിത്തിരിപ്പില്ലാതെ ഇരിയ്കാന്‍ പറ്റില്ലാത്താണ്ട്‌, കൊഞ്ചീം കളിച്ചും പിന്മൊഴിയിലിരുന്നു. ഇത്‌ കണ്ടത്‌ ഇപ്പോ. പോകാറായി കുടുബത്തിലോട്ട്‌ എന്നാലും.

നിങ്ങള്‍ ഈ എഴുതിയതൊക്കെ തന്നേയും, പാടും പാടില്ലാ, പാടും പാടില്ലാ എന്ന് ഈ ഒരു ആഴ്ചക്കാലം കൊണ്ട്‌ എല്ലാ പാണന്മാരും പാടി നടന്നു. മനുഷ്യരെ പിന്നേം പിന്നേം ഇംബോസിഷന്‍ എഴുതിയ്കാന്‍ കണ്ട വല്ല വഴീമാണേല്‍ പ്ലീസ്സ്‌.... കുത്തിത്തിരിപ്പു ഭഗവതിയാണേ... ഇത്‌ എന്റെ അവസാന കമന്റാണു ഈ വക പോസ്റ്റുകളില്‍.. ഒരുപാട്‌ അടിയുണ്ടാക്കേണ്ട പോസ്റ്റുകള്‍ ക്യൂവില്‍.......

ഈ ബ്ലോഗ്ഗ്‌ എന്ന സംഗതി, അത്‌ എന്റെ കൈയ്യിലിരിയ്കുന്ന ഒരു ബോര്‍ഡാണു. അതില്‍ ഞാന്‍ എഴുതും മായ്കും, എഴുതും മായ്കും. കമന്റ്‌ മോഡരേറ്റ്‌ ചെയ്യാതിരിയ്കുന്നിടത്തോളം കാലം ഫ്രീ ഫോര്‍ ഓള്‍. നല്ലത്‌ പറയാം, ചീത്ത പറയാം, നല്ലത്‌ മാത്രം പറയാം, ചീത്ത മാത്രം പറയാം, കുത്തിത്തിരുപ്പുണ്ടാക്കാം, (വിശാലോ .. നന്ദി... എനിക്കങ്ങിട്‌ ഇഷ്ടായി ആ വേര്‍ഡ്‌...) ഇതൊക്കെ ഒരാളെ അതു കൊണ്ട്‌ ഇന്നവനെ തൂക്കി കൊന്ന് കൊക്കയിലിടണം എന്ന് കരുതി ചെയ്യുന്നതല്ലാ. ലളിതമായി പറഞ്ഞാ, ഒരു ആവിഷ്കാര സ്വാതദ്ര്യയമാണു. വിലക്ക്‌ ഒരു ബ്രഹ്മാവിനും ചെയ്യാനാവില്ലാ. പിന്നെ, ഒരു കമന്റിട്ടാലോ പോസ്റ്റിട്ടാലോ ഇന്ന് ഞാന്‍ ഇരിങ്ങലോട്‌ പറഞ്ഞപോലെ അതില്‍ നിന്നും വരുന്നത്‌ തീപൊരിയെങ്കിലും ചെമ്പകപൂവിതളെങ്കിലും നമ്മള്‍ കേട്ടേ പറ്റൂ, കൊണ്ടേ പറ്റൂ. അതിനെ ഇത്ര മാത്രം പോസ്റ്റിട്ട്‌ കമന്റിട്ട്‌ ഒരു ചര്‍ച്ചെക്കെടുക്കേണ്ടതുണ്ടോ? അറിവില്ലാ പൈതങ്ങളൂം, അമൂല്‍ പാല്‍കുപ്പി ഉപയോഗിയ്കുന്നവരും ഒന്നും ഇപ്പോ നിലവിലുള്ള ഗ്രൂപ്പിലുണ്ടെന്ന് എനിക്ക്‌ തോന്നുന്നില്ല. അതൊക്കെ അതിന്റെ സ്പിരിറ്റില്‍ അവര്‍ എടുക്കും. എടുക്കാന്‍ കഴിവില്ലാത്തവര്‍ പ്ലീസ്‌ എഴുതരുത്‌, പോസ്റ്റരുത്‌. ഇവിടെ മനുഷ്യര്‍ 1000 കോടിയുണ്ടെങ്കില്‍, 1000 കോടി ഹൃദയത്തിനു ഉടമകളാണു. അവരുടെ ഒക്കെ അകത്ത്‌ കിടന്ന്, ദേ.. വിമര്‍ശനം ശ്രീ അപ്പന്റെ ബുക്കിലൂടെയുള്ള വീക്ഷണമാവണം, അയാള്‍ക്ക്‌ കണ്ണീക്കേടാണു, മറ്റേയാള്‍ക്ക്ക്‌ ഹൃദയ വാള്‍വിനു തകരാറുണ്ട്‌, ഭാര്യയ്ക്‌ ക്യാന്‍സാറാ.. സുക്ക്ഷിച്ച്‌ കമന്റണം എന്നൊക്കെ പറഞ്ഞാ, ഒരുപക്ഷെ.. എന്തിനാന്നേ. എന്നും പറഞ്ഞു, 100000 ഇല്‍ ഒരുവന്‍ നന്നായിരിയ്കുന്നും, ഇനിയും നിങ്ങളാന്റെ ഗുരു.... സാഷ്ടാംഗം... എന്നൊക്കെ പറഞ്ഞൂന്നിരിയ്കും (ഇവരെയാണോ തറവാട്ടീ പിറന്നവരെന്ന് വിളിയ്ക്യാ....) പിന്നെ ചിലര്‍ എമ്പോക്കികള്‍, കഥാകര്‍ത്താല്ലാ കാര്യം, കഥയാണു തന്തൂ എന്നും പറഞ്ഞ്‌ നല്ലതോ ചീത്തയോ, ഒക്കെ പറയും. ആരെങ്കിലും കയറീ,, ഛേ.. വേണ്ടാന്നെ.. പോട്ടെന്ന് പറഞ്ഞാ, പറയാന്‍ തോന്നിയാല്‍ ചാരനുള്ളതല്ലേ അനോണീടെ ചുമരു? അപ്പോ എവിടെ എന്ത്‌ കണ്ട്രോള്‍ വരുത്തും?

പിന്നെ ഈ ബ്ലോഗ്ഗ്‌ എന്നതാണോ ജീവിതത്തിന്റെ ആണിക്കല്ല്? ഇതിന്റെ അറ്റെസ്റ്റെഡ്‌ കോപ്പ്പ്പിയണോ പെണ്‍ വീട്ടുകാര്‍ക്കോ അടുത്ത എമ്പ്ലോയര്‍ക്കോ കൊടുക്കാന്‍ പോണത്‌? കിട്ടിയും കൊണ്ടും ഇരിയ്കുന്നതിനെ ഇങ്ങനെ പോസ്റ്റിട്ട്‌ തടുക്കണോ? സീരിയസ്സ്‌ വായിയ്കുവാന്‍ ഉദ്ദേശിയ്കുന്നവര്‍, ഒരുമാതിരി ഒക്കെ, പോസ്റ്റിട്ടവര്‍ മിക്കപ്പോഴും അവനവന്റെ ചുറ്റുവട്ടത്തിലുള്ളവരോട്‌ മുതുക്‌ ചൊറിയാന്‍ തീര്‍ച്ചയായും ആവശ്യപെട്ടിട്ടുണ്ടാവും. അത്‌ കൊണ്ട്‌ വായിയ്കേണ്ടവര്‍ അത്‌ വായിയ്കും, കമന്റേണ്ടവര്‍ കമന്റും. പിന്നെ അമ്മച്ചീയാണേ... ഈ ബ്ലോഗുകളില്‍, ഗുരു, സംഭവം, പുലി, വീരപാണ്ഡീകട്ടബൊമ്മന്‍,പൊന്നാടതുണിയൊക്കെ പറയുമ്പോ വല്ലാത്ത ഈര്‍ഷ്യ തോന്നാറുണ്ട്‌. അതൊക്കെ കാണുമ്പോ, അത്‌ ഇല്ല്യാത്തവര്‍ക്ക്‌ അത്‌ കിട്ടാത്തവര്‍ക്ക്‌ തോന്നും, എന്നേം പറയണമ്ന്ന്... പിന്നെ തത്രപാടുണ്ടാവും. അല്ലെങ്കില്‍ തോന്നും, അവനെന്നെ പറഞ്ഞാലെന്താ.. കാശുണ്ടെല്ലോ , തന്നാലെന്താന്ന് പറയണ പോലെ.. പക്ഷെ ഇതും ഇവിടെ ഇമ്പോസ്‌ ചെയ്യാന്‍ പറ്റിലാ, കാരണം, അയാള്‍ കണ്ടതില്‍ വലിയ സംഭവമാകും ഈ സംഭവം. അപ്പോ ആ ക്ലോസും രൂള്‍ഡ്‌ ഔട്ട്‌.

പിന്നെ പെരിങ്ങോടന്റെ പോസ്റ്റിലെ എന്റെ കതിന വച്ചത്‌.. ഒന്നിന്റേയും മറയല്ലാ. എന്റെ പോസ്റ്റില്‍ എനിക്ക്‌ പറ്റിയ അബദ്ധം ഞാന്‍ പറഞ്ഞിരുന്നു. അത്‌ വിശ്വസിയ്കുക വിശ്വസിയ്കാതിരിയ്കുക. അതൊക്കെ അല്ലെങ്കില്‍ മറിയം ഹിമാലയം മറിച്ചത്‌ പോലുള്ള വിലയിരുത്തല്‍ അല്ലെങ്കില്‍ വെളിപാട്‌ ഒന്നും എനിക്ക്‌ യാതൊരു വിധ പിരിമുറുക്കവും തരാത്തത്‌. ബ്ലോഗ്ഗ്‌ വേറേ, വീട്ടി പോയ മിസ്സിസ്സ്‌ ശര്‍മ്മ വേറേ, അപ്പൂന്റെ അമ്മ വേറേ. മോണീറ്ററില്‍ ബ്ലോസ്പോട്ട്‌ തെളിയുമ്പോഴെ ബ്ലോഗ്ഗറാവൂ ഞാന്‍. അതൊണ്ട്‌ അതു മോണിറ്ററും എന്റെ കണ്ണും മാത്രം ഇടപെടുന്ന ഒരു കാര്യം. അത്‌ കൊണ്ട്‌ മാത്രമാണു ഞാനെന്ന് ബ്ലോഗ്ഗര്‍ ഒരു പോസ്റ്റിനു ശേഷവും, (അപ്പൂന്റെ പിറന്നാള്‍ പോസ്റ്റിനു അല്ലാതെ, ) ഒരു നന്ദി പ്രകാശനവും നടത്താതത്‌. ഇനിയും എനിക്ക്‌ അബദ്ധങ്ങള്‍ പറ്റാം അല്ലെങ്കില്‍ ഞാന്‍ മന:പൂര്‍വ്വം അടിച്ച്‌ മാറ്റും. (ചരിത്ര സത്യങ്ങള്‍ പുരാണങ്ങളൊക്കെ തലയില്‍ ജനിച്ചപ്പോ സ്കാന്‍ ചെയ്തിട്ടതാണോ? ഒരു രീതിയില്‍ അതും പകര്‍പ്പ്‌ തന്നെ.. ) അപ്പോ അതല്ലാ കാര്യം, എന്റെ തട്ടിപ്പാണു. ഞാന്‍ പറയുന്നു, അതെ ശരിയാണു. ഞാനിനിയും ഇത്‌ തൂടരും. പിടിയ്കപെട്ടാ, ഒരു വിശദീകരണം അല്ലെങ്കില്‍ തകിടം മറിച്ചില്‍, തീര്‍ന്നു. അറ്റ്‌ ലീസ്സ്‌ എനിക്ക്‌ എന്നെ പറ്റി വരുന്ന വിമര്‍ശനങ്ങളിലൊന്നും തുടങ്ങിയ കാലം തൊട്ടെ ബോദരേഷന്‍ ഇല്ല, സൂ പറഞ്ഞു, ലോകത്ത്‌ എല്ലാ സ്ത്രീകള്‍ മരിച്ചാലും ഞാന്‍ അതുല്യേനേ കാണണമ്ന്ന് ആഗ്രഹിയ്കില്ലാന്നു. പുഷ്പം പോലെ ഞാനും സൂവും.. സൂവിനൊരു ചായയുമായി ഞാന്‍ മീറ്റില്‍ സൂവിനെ വരവേറ്റു.. വിശ്വം പറഞ്ഞു.. അതുല്യാ കമന്റുമ്പ്ഴ്‌ വ്യക്തിയേ നോക്കണം, നോവിയ്കരുത്‌.. ഞാന്‍ പറഞ്ഞു... എന്റെ കൈയ്യില്‍ ഹാള്‍ മാര്‍ക്ക്‌ ഗ്രീറ്റിംഗ്‌ വാങ്ങാന്‍ കാശില്ലാ വിശ്വം.. പ്ലിസ്സ്‌... ഗന്ധര്‍വന്‍ പറഞ്ഞു.. നിങ്ങള്‍ക്ക്ക്‌ ഇരിയ്ക പിണ്ഡം... ഓ.. അതും തന്നേക്ക്‌... ഇതൊക്കെ മോണിറ്ററല്ലേ വാങ്ങണത്‌.. മോണിറ്റര്‍ അണച്ചാ തീര്‍ന്നീല്ലെ... പിന്നെ ഞാനും സൂവും, ഗന്ധര്‍വനും ഞനുമൊക്കെ ബെസ്റ്റ്‌ ഐ ലവ്‌ യൂ ആന്‍ഡ്‌ ഐ മിസ്‌ യൂൂ... മാത്രം.

പക്ഷെ അതു കൊണ്ടല്ലാ, പെരിങ്ങിസിന്റെ പോസ്റ്റില്‍ ഞാന്‍ വീശിയ കാറ്റ്‌.. പോസ്റ്റെഴുതി, ഒരു കമന്റിനും അപ്പോ അപ്പോ വന്ന് .......മേ... നന്ദി പെരുത്ത്‌ കയറുന്നു എന്ന് പറയുന്നവരാണു കൂടുതലും വിമര്‍ശനമോ മറ്റ്‌ എന്തെങ്കില്‍ അല്‍പം ഒരു നുള്ളോ പിച്ചോ കണ്ടാ റ്റെന്‍ഷന്‍ അനുഭവിയ്കുന്നത്‌. ഈ ഒരു സ്റ്റാറ്ററ്റിക്സും ദേവന്റെ സ്റ്റാറ്ററ്റിക്സിന്റെ കുടെ ആരെങ്കിലും എടുക്കൂ പ്ലീസ്സ്‌. നന്ദി സാധാരണം നല്ല കാര്യത്തിനു നമ്മള്‍ തിരികേ കൊടുക്കുന്നു അല്ലേ? അപ്പോ വിമര്‍ശനം വേണ്ടാ എന്ന് വരുന്നില്ലേ? എന്തിനു ഇത്ര മാത്രം വിമര്‍ശനത്തിനേ എല്ലാരും പേടിയ്കുന്നു. ? വില്ലനേ പേടിയ്കൂ നിങ്ങള്‍, അവന്‍ ഊരിയിട്ട കുപ്പായത്തിനെ എന്തു കൊണ്ട്‌ പേടിയ്കുന്നു? വിമര്‍ശനം ഒരു 50000 ആണികള്‍ നിറച്ച പലകയാണോ? രാത്രി ബ്ലോഗ്ഗേഴ്സ്‌ യൂണിയന്‍ (ഹൊ ഇപ്പോ ഗ്രൂപ്പൊക്കെ വിട്ട്‌ യൂണിയന്‍...) അതിലാണോ ശിക്ഷ പോലെ കിടക്കാന്‍ പറയണേ? (സ്നേഹിതനോട്‌ ഞാന്‍ യോജിയ്കുന്നു)

എനിക്ക്‌ ദയവായി ഒന്നേ പറയാനുള്ളു, വളരുന്ന ബ്ലോഗ്ഗ്‌ ലോകം നമ്മടെ കൈയ്യീന്ന് പോകുന്നു. അത്‌ തിരിച്ചറിവാണു. പിന്നെ അല്‍പം തമാശയും, വിമര്‍ശനവും, ഗ്രൂപ്പെന്ന പറച്ചിലോ ഒക്കെ പിന്മൊഴി ഒന്ന് അനങ്ങാനും സഹായിയ്കുന്നില്ലേ? ഇത്തരുണത്തില്‍ തന്നെ എന്നാ അതുല്യാ പറഞ്ഞതല്ലേ ബ്ലൊഗില്‍ പിടിച്ചില്ലേല്‍ അമ്മയ്ക്‌ വിളിയെന്ന് പറയരുത്‌. ബ്ലോഗില്‍ ഉമേഷും കൈപ്പിള്ളിയുമൊക്കെ ഉരസിയപ്പോ... (ബാക്കി വിശ്വമോ/ദേവനോ ഒക്കെ പറയൂ... അതുല്യ എന്ത്‌ ചെയ്തൂന്ന്....എനിക്ക്‌ അഹം പാടില്ലാല്ലോ). അപ്പോ ചിലപ്പോ അതു പോലെയൊക്കെ വരുമ്പോഴ്‌ അതും ഇത്തവണത്തേ പോലെത്തന്നെ കാരുണ്യവാന്റെ സഹായത്തോടേ അങ്ങട്‌ സോല്വാകും.

വിമര്‍ശനം ഇന്ന രീതിയിലാവണം, പഴത്തിന്റെ അകത്ത്‌ ബ്ലേഡ്‌ വച്ചേ കൊടുക്കാവൂ എന്നൊന്നും പ്ലീസ്‌ പറയരുത്‌. മനുഷ്യര്‍ തമ്മില്‍ ആശയ വിനിമയം നടത്തിയല്ലല്ലേ നമ്മള്‍ നിക്കുന്ന വെള്ളത്തിന്റെ ആഴം അറിയൂ.... രണ്ട്‌ രണ്ട്‌ നാലെ... മൂ രണ്ട്‌ ആറെ... ന്ന് പറയുമ്പോ ഗംഭീരം ആ കാലൊന്ന് നീട്ടിയ്കേ എന്നൊക്കെ പറഞ്ഞാ അവന്‍ കരുതും പെരുക്കപട്ടിക അത്രേയുള്ളു. അവനുമറിയണ്ടേ 156 x 156 വരെ എന്റെ ശര്‍മ്മാജി പറയും ന്ന്....

പിന്നെ സ്നേഹിതന്‍ പറഞ്ഞ വ്യക്തീടെ താല്‍പര്യവും, ഭൂമിയോടുള്ള സ്നേഹം കാണിയ്കുന്നവര്‍.. ഇങ്ങനെ വേണം എന്ന് ചാലു കീറുമ്പോ? ഒരു വ്യക്തിയേ സുഖിപ്പിയ്കാന്‍ ഒരാള്‍ക്ക്‌, അല്ലെങ്കില്‍ ഞാന്‍ പറഞ്ഞാ ഗ്രൂപ്പിനു (ദുരവസ്ഥ) അല്ലെങ്കില്‍ പെരിങ്ങോടന്‍ പറഞ്ഞ സൗഹൃദവൃത്തത്തിലുള്ളവര്‍ക്ക്‌ പറ്റും. ഈ ബ്ലോഗ്ഗിലൂടെ ഒരു കമന്റിലൂടെ ഒക്കെയാണു എന്റെ ജീവിതത്തിലെ സുഖം എന്ന് ഞാന്‍ കരുതുകയാണെങ്കില്‍, അങ്ങനെയാണു ഒരു ബ്ലോഗ്ഗര്‍ കരുതുന്നുവെങ്കില്‍ ദയവായി ബ്ലോഗ്ഗെഴുത്ത്‌ നിര്‍ത്തുകയാ അല്ലെങ്കില്‍ കമന്റ്‌ വേണ്ടാ എന്ന്വയ്കുകയോ വേണം.

ബ്ലോഗ്ഗിനെ നന്നാക്കുന്ന ഈ മെനക്കെട്ട പണി പ്ലീസ്‌ ബാക്കിയുള്ളവരെങ്കിലും നിര്‍ത്തുക. ബ്ലൊഗ്ഗ്‌ ഒരു ക്ലാസ്സ്‌ റ്റീച്ചറുടെയും രജിസ്റ്ററില്‍ ഒതുങ്ങുന്ന സ്റ്റാന്‍ഡേഡ്‌ 1 (ബി) ഡിവിഷന്‍ അല്ലാ. വേണ്ടത്‌ വായിയ്കുക, വേണ്ടപോലെ കമന്റിടുക.(അപ്പനും അമ്മ്യയ്കും വിളിയ്കാതിരിയ്കാന്‍ പ്രത്യേകം ശ്രദ്ധിച്ചാ മാത്രം മതി. അല്ലെങ്കില്‍, ഇന്ന് ഇരിങ്ങലോട്‌ പറഞ്ഞ പോലെ, എന്നും നമ്മള്‍ എല്ലാരോടും പറയേണ്ടി വരും, ലീവ്‌ ഇറ്റ്‌ ഒരു ടേക്കിറ്റ്‌ എന്ന്. പിന്നെ ബ്ലോഗ്ഗ്‌ നിര്‍ത്തി പോകുന്നുവര്‍ ദയവായി ബാനര്‍ എഴുതി വച്ച്‌ ആത്മഹത്യയ്ക്‌ ഒരുങ്ങരുത്‌.. അതിനും കൂടി ഒരു കമന്റോ പോസ്റ്റോ ഇടേണ്ടി വരും, അത്രേം പോലും സമയം അപ്പീസില്‍നിന്ന് കക്കുന്നവര്‍ക്കില്ലാ. പോകാനുദ്ദേശിയ്കുന്നവര്‍, വിമര്‍ശനം കൊണ്ട്‌ പൊട്ടികരയേണ്ടി വന്നവര്‍ ഒക്കെ പ്ലീസ്സ്‌... ദാറ്റ്‌ സൈഡ്‌ ഈസ്‌ ദ്‌ ഡോര്‍...... നോ ബഡീ ഈസ്‌ ദെയര്‍ വീ കനോട്ട്‌ ഡു വിത്തൗട്ട്‌.(Nobody is there, we cannot do without )

ക്ഷമ.. വേണ്ടന്നെ.. ആദ്യമായിട്ട്‌ കിട്ടണതാ.. ഒരു ഫെമില്യാരിട്ടി പ്രോബ്ലം...
 
Hat off again, Atulya...You said it!
 
കൊള്ളാം.
അടി മിനിയാന്നേ കഴിഞ്ഞു, ചര്‍ച്ചയും സംവാദങ്ങളും പ്രതിവിദ്ധികളും, നിയമസംഹിതകളും, കരടുകമ്മറ്റികളും ഇന്നും കൊഴുക്കുന്നു.
നോര്‍ത്ത് കൊറിയ അണുപ്പടക്കം പൊട്ടിച്ചപ്പോള്‍ ലോകരാജ്യങ്ങള്‍ ഇത്രയും ചര്‍ച്ച ചെയ്തിട്ടില്ല.
സന്തോഷമുണ്ട്.

എഴുതാന്‍ ഒരു വടിയുമില്ലാതിരുന്ന പലര്‍ക്കും എഴുതാന്‍ ഒരു ആശയം നല്‍കിയതിന്റേയും, പിന്മൊഴിയുടെ എഞ്ചിന്‍ ചൂട് പിടിപ്പിച്ചതിന്റേയും ക്രെഡിറ്റില്‍ ഒരു പങ്ക് എനിക്കും.

ഞാനും ചെയ്തിട്ടുണ്ട് ഇത് പണ്ട്.

അടി മൊത്തം രസിച്ച് ഒരു നിമിഷം പോലും പാഴാക്കാതെ കമന്റുകളും മറുകമന്റുകളും വായിച്ച് ആഘോഷിക്കുക, രസിക്കുക. (കൈപ്പള്ളിയുടെ സൈറ്റിലെ ഹിറ്റ് മീറ്റര്‍ അവിടുത്തെ ഇടി വ്യക്തമാക്കും)

പിന്നെ എല്ലാം ശാന്തമാകുമ്പോള്‍...
ഭയങ്കര മോശായി, കഷ്ടായി, എന്റെ കണ്ണു നിറയുന്നു, കാലു കുഴയുന്നു, കണ്ഠം ഇടറുന്നു റ്റാറ്റാബൈബൈ ഓകെപികെ......

അടുത്ത രണ്ട് കൊല്ലം ബബിള്‍ഗം ചവയ്കും പോലെ ഈ സംഭവം ചവക്കാം, കുറ്റം പറയാം, ഉപദേശിക്കാം, അതിന്റെ ഒരു രസം..ഹോ അതാണ് രസം!!

Enjoy!! :-)
 
ഞാന്‍ പണ്ട്‌ “ബൂലോകത്തേക്കൊരു തുറന്നകത്ത്”
എഴൂതീയിരൂന്ന് , സാമ്യമുള്ള കാര്യങ്ങള് , പറ്റിയ സമയംത്ത് പറഞ്ഞ്ജു
 
ഈ അതുല്യേനേ എന്ന പീസിനെ ഒന്ന് കാണാന്‍ കിട്ടുമോ? കാണാനും പീസെന്ന് കൊച്ചിയില്‍ ഒരു പാണന്‍ പാടി. എവിടെ വേണേലും വന്ന് ഞാന്‍ കാലേല്‍ വീഴാം. പെമ്പിള്ളേര്‍ക്ക്‌ ഇത്രേം ഉശിരോ? മീറ്റിനു ഇനി കൊഴുക്കാനെന്തൂട്ടിനാ ചന്തൂന്റേ പാട്ട്‌?

"വിമര്‍ശനം ഇന്ന രീതിയിലാവണം, പഴത്തിന്റെ അകത്ത്‌ ബ്ലേഡ്‌ വച്ചേ കൊടുക്കാവൂ എന്നൊന്നും പ്ലീസ്‌ പറയരുത്‌. മനുഷ്യര്‍ തമ്മില്‍ ആശയ വിനിമയം നടത്തിയല്ലല്ലേ നമ്മള്‍ നിക്കുന്ന വെള്ളത്തിന്റെ ആഴം അറിയൂ.... രണ്ട്‌ രണ്ട്‌ നാലെ... മൂ രണ്ട്‌ ആറെ... ന്ന് പറയുമ്പോ ഗംഭീരം ആ കാലൊന്ന് നീട്ടിയ്കേ ..

Hats Off like Snehapoorvam.

അതുല്യ പറഞ്ഞ അനോണീ എന്റെ ചുമരില്‍ ചാഞ്ഞു.

മീറ്റിനു 4 റ്റിക്കറ്റുള്ളതാ, ചുമ്മാ പേരു പറഞ്ഞ്‌ സ്റ്റാറ്റസ്‌ കളയണ്ടല്ലോ.

അനോണി ഗ്രൂപ്പ്‌.
 
ശ്രദ്ധേയം,ധീരം.
മരുഭൂമികള്‍ ഉണ്ടാവുന്നത് എന്നത്പോലെ ഗ്രൂപ്പുണ്ടാവുന്നതെങ്ങനെ എന്ന് പഠിക്കാന്‍ ചര്‍ച്ച സഹായിച്ചു.ഒരുകാര്യം മനസ്സിലായി ഒന്നിലധികം പേര്‍ ചേര്‍ന്നാല്‍ പിന്നെ അവിടെ ഒരു ഗ്രൂപ്പുണ്ടാവുമെന്ന്.അതിനെ ക്ലിക്കെന്നോ കോക്കസെന്നോ എന്തു വേണേല്‍ വിളിക്കാം.

പിന്നെ ബ്ലോഗറിന്മാരില്‍ ആരും ഈ പണി പ്രഫഷണലായി ചെയ്യുന്നവരല്ല.അത് കൊണ്ടാവും വിമര്‍ശനത്തോട് വിവിധ തരത്തില്‍ പ്രതികരണം.എന്തെഴുതണം,എന്ത് വായിക്കണം,എന്ത് വിമര്‍ശിക്കണം,എങ്ങനെ വിമര്‍ശിക്കണം എന്നൊക്കെ വൈയക്തികമായ സംഗതികളാണ്.(സ്ഥിരമായി ശ്രീ മേതില്‍ മാധ്യമത്തില്‍ എഴുതുന്നത് വായിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ആ‍ളാണ് ഞാന്‍;അദ്ദേഹത്തിന്റെ കുഴപ്പമല്ല എന്റെ ബുദ്ധിയുടെ തകരാറാവാം കാര്യം.)

സീരിയസ്സായ വിഷയങ്ങള്‍ തരതമ്യേനെ പുതിയ ആളുകള്‍ കൈകാര്യം ചെയ്താല്‍ കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടാകാറില്ല.അപ്പോഴും ലേശം പൈങ്കിളി പുതിയ ആളുകള്‍ കൈകാര്യം ചെയ്താല്‍ പോലും കൈയ്യടികിട്ടുന്നു.
പിന്നെ മുന്‍പേ വന്നവര്‍,കൂടുതല്‍ സൌഹൃദങ്ങള്‍ ഉള്ളവര്‍ ഇവരൊക്കെ ശ്രദ്ധ ആകര്‍ഷിക്കുന്നത് സ്വാഭാവികമല്ലേ.എം.ടി. വാരണാസി എഴുതിയ കാലത്ത് എം.ടി.യല്ലേ എന്നു കരുതി ഒരു ഭാഗം പോലും വിടാതെ വായിച്ചു.അതുപോലെ മാധവിക്കുട്ടിയുടെ വണ്ടിക്കാളകള്‍. രണ്ടും നിരാശപ്പെടുത്തീ.ആ‍ സമയം ആലാഹയുടെ പെണ്‍മക്കളോ ഒതപ്പോ വായിക്കാമായിരുന്നു എന്ന് പിന്നീട് ചിന്തിച്ചു.
 
വെറും ശിശുവായി ബ്ലോഗുലകത്തില്‍ ഇടതുകാല്‍വെച്ചു കടന്നുവന്നവനാണീ ശിശു. അതുകൊണ്ട്‌ രാജാവ്‌ നഗ്നനാണെന്നു വിളിച്ചുപറയുവാനുള്ള നട്ടെല്ല് ശിശു പണയം വെച്ചിരുന്നു. ബൂലോകത്തെ പല കലാപരിപാടികളും കാണേണ്ടിവരുമ്പോള്‍ ശിശു എന്നും ഇല്ലാത്ത നട്ടെല്ലു തപ്പിനോക്കിയിരുന്നു, ഇങ്ങനെയൊക്കെ ഒന്നു വിളിച്ചുപറയുവാന്‍,

പറഞ്ഞതൊന്നും അസ്ഥാനത്തല്ല തന്നെ, ബാക്കികൂടെ പറയുക, എല്ലാം ഒന്നാടിയുലയട്ടെ!
 
ഇവിടെ ഇപ്പോ എന്തിനും എതിനും ചര്‍ച്ചയാണ്‌. ഈ സംവാദങ്ങള്‍ പഴയ ക്യാമ്പസിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. സ്നേഹപൂര്‍വ്വത്തിന്റെ വാദങ്ങളോട്‌ പൂര്‍ണ്ണ യോജിപ്പില്ല. മഹത്തരമായ സാഹിത്യ സൃഷ്ടികളൊന്നുമല്ല ബ്ലോഗിലൂടെ ആരും പ്രതീക്ഷിക്കുന്നത്‌. ആശയവിനിമയത്തിനുള ഒരു വേദിയായിട്ടെടുത്തൂടെ?. ആശയവിനിമയവും സംവാദവും തമ്മില്‍തല്ലും ഒക്കെ ഒരു സമൂഹത്തിന്റെ എല്ലാവശങ്ങളെയും നമുക്ക്‌ വെളിവാക്കുന്നു. അതില്‍ എന്തെങ്കിലും കുറ്റങ്ങളുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ ബൂലോകത്തേക്ക്‌ വന്ന സമയത്ത്‌ ഇവിടെ ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കുന്ന ഒരു വേദിയായിരുന്നു ബൂലോകക്ലബ്ബ്‌. അവിടെയെന്തിടാം എന്തിട്ടൂടാ എന്നൊക്കെ സഭ്യവും അല്ലാത്തതുമായ ചര്‍ച്ചകള്‍..അവസാനം ഒരു ബാച്ചിലര്‍ ക്ലബ്ബും വിവാഹിതക്ലബ്ബും കൂടിയായപ്പോള്‍ രക്ഷപെട്ടത്‌ ബൂലോക ക്ലബ്ബാണ്‌.ഇന്നിപ്പോ ആളും പേരുമില്ലാത്ത ഒരിടമായി മാറുകയും ചെയ്തു. ബൂലോകത്ത്‌ ചര്‍ച്ചകളേയുള്ളൂ, അതിനൊട്ടവസാനമില്ലതാനും.
വിമര്‍ശനവും വിശകലനവും ഒക്കെ എല്ലാ വായനക്കാര്‍ക്കും ഒരേപോലെ പറ്റുമെന്ന് തോന്നുന്നില്ല. എല്ലാവരും എം.കൃഷ്ണന്‍നായരും എം.പി.അപ്പനുമൊക്കെയായാല്‍, പിന്നെ വിമര്‍ശന സാഹിത്യം വായിക്കാന്‍ ആളുണ്ടാവുമോ? വായിക്കാന്‍ ആളില്ലേല്‍ പിന്നെന്തോന്ന് സാഹിത്യം, വിമര്‍ശനം?

ഇവിടെ മിക്കവരും സംവദിക്കുന്നത്‌ ,രചനകളുമായിട്ടല്ല, വ്യക്തികളുമായിട്ടാണെന്നും പറയുന്നു. അതിലെന്താ ഇപ്പൊ തെറ്റ്‌ എന്ന് മനസ്സിലാവുന്നില്ല. ലോകത്തിന്റെ പല ഭാഗത്തിരിക്കുന്ന മലയാളികളുടെ ഒരു കൂട്ടായ്മയില്‍ പൂര്‍ണ്ണമായും രചനാധിഷ്ടിതമായ വിശകലനമേ പാടുള്ളൂ എന്ന് ധരിക്കുന്നത്‌ ശരിയല്ല. ഇതുമൂലം ഉരുത്തിരിഞ്ഞുവന്നിട്ടുള്ള പുത്തന്‍ സൗഹൃദങ്ങളെ കണ്ടില്ലന്ന് നടിക്കാനെന്തോ എനിക്കാവുന്നില്ല.
ആദിത്യന്റെ ഒരു കുറിപ്പ്‌ (ചുണ്ടുകള്‍)ബ്ലോഗില്‍ കൈകാര്യം ചെയ്തത്‌ തികച്ചും വ്യക്തിപരമായ കമന്റുകളിലൂടെയാണെന്ന് കാണാം.എന്തുകൊണ്ട്‌ ആ രചനയുടെ സാഹിത്യപരമായ ഉള്ളടക്കവും രചനാശൈലിയും (നല്ലതോ ചീത്തയോ ആയികൊള്ളട്ടെ) ചര്‍ച്ചചെയ്യപ്പെട്ടില്ല.മറ്റ്‌ ചില രചയിതാക്കളുടെ ഭാഗത്തുനിന്നായിരുന്നെങ്കില്‍ തീര്‍ച്ചയായും ചര്‍ച്ച വേറെ വഴിക്കായിരുന്നേനെ എന്നുറപ്പാണ്‌. ആദിത്യന്‍ ഉണ്ടാക്കിയെടുത്തിരിക്കുന്ന സൗഹൃദവേദി ആ തരത്തില്‍ സംവദിക്കുന്ന ഒരുപിടിയാളുകളുടെ 'ഗ്രൂപ്പ്‌' ആയതിനാലാണോ അതോ ആദിത്യന്‍ ആഗ്രഹിക്കുന്ന കമന്റുകള്‍ ഈ തരത്തിലുള്ളതാകണമെന്ന് സൗഹൃദം പങ്കിടുന്നവര്‍ക്ക്‌ തോന്നുന്നത്‌ കൊണ്ടോ?(ആദിത്യാ ക്ഷമി)

കമന്റുകളിലെ ഗ്രൂപ്പ്‌ കളി വെറും 'സമയ' ത്തിന്റെ പ്രശ്നമാണെന്നാണെനിക്ക്‌ തോന്നിയിട്ടുള്ളത്‌. എല്ലാവരും മലയാളികളെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്നതിനാല്‍ സ്വാഭാവികമായും ഉണര്‍ന്നിരിക്കുന്നതും ബ്ലോഗുന്നതും പലസമയങ്ങളിലാണ്‌, അതുകൊണ്ട്‌ തന്നെ 'സമയാധിഷ്ഠിത ഗ്രൂപ്പുകള്‍ രൂപം കൊള്ളുന്നത്‌ സാധാരണമെന്ന് കരുതിക്കൂടെ.

കൈപള്ളിയും ഉമേഷ്ജിയും തമ്മിലുള്ള പ്രശ്നങ്ങള്‍ (എന്തേലുമുണ്ടോ..? ഹാ!) അവരവരുടെ ബ്ലോഗില്‍ തന്നെ തീരട്ടെ, അതൊക്കെ ഇവിടെയും പരാമര്‍ശിക്കുമ്പോഴാണ്‌ സംഭവം ഊതിപെരുപ്പിക്കപെടുന്നതും വ്യക്തിപരമാകുന്നതും മറ്റും. പലപ്പോഴും ഇത്തരം സൗന്ദര്യപിണക്കങ്ങളും മറ്റും എല്ലാവര്‍ക്കും ആസ്വാദ്യകരമായ ചില പോസ്റ്റുകളിലാണ്‌ എത്തി നില്‍ക്കാറുള്ളത്‌ എന്നും കാണാം.

താങ്കള്‍ ആരോപിക്കുന്നതുപോലെ മുന്‍രചനകളുടെ അത്ര നിലവാരം പുലര്‍ത്തുന്നില്ലങ്കിലും വിശാലന്റെ പുതിയ രചനയിലെ ' പൊരുത്തലട' എനിക്കൊരു പുതിയ വിഭവമാണ്‌.ഞാനിന്നേവരെ കേട്ടിട്ടില്ലന്നത്‌ എന്റെ പരിമിതിയായിരിക്കാം, പക്ഷേ അതൊരു പുതിയ അറിവല്ലേ?. പുതിയ അറിവുകള്‍ക്ക്‌ മുന്‍തൂക്കം കൊടുത്തു കാണാമെങ്കില്‍ ബ്ലോഗിംഗ്‌ ഇപ്പോള്‍ നല്ല ഒരു സദസ്സ്‌ തന്നെയാണ്‌ എന്നാണെന്റെ പക്ഷം .ഇന്ന് ഇല്ലന്ന് മുറവിളികൂട്ടുകയും ഞങ്ങളൊക്കെ കൊതിയോടെ അനുകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന പഴയ സമൃദ്ധമായ ക്യാമ്പസ്‌ ചര്‍ച്ചാ വേദികകളുടെ ഒരു തനിപകര്‍പ്പായിട്ടാണ്‌ എനിക്കീ ബൂലോക കൂട്ടായ്മയെ കാണാന്‍ കഴിയുന്നത്‌. അതിനെയെല്ലാരും കൂടി നന്നാക്കിയെടുത്തുകളയാമെന്ന് കരുതുന്നത്‌ അതേ വേദികളുടെ ഇന്നത്തെ അവസ്ഥയിലേക്കാവും കൊണ്ടെത്തിക്കുന്നത്‌ എന്നൊരാശങ്ക.
 
ഒന്നുകൂടെ തെളിച്ചുപറഞ്ഞാല്‍ സര്‍ഗ്ഗാത്മകമായ ഒരു ചാറ്റിംഗ്‌ മാത്രമാകുന്നു ബ്ലോഗിംഗ്‌! ചിലപ്പോള്‍ സര്‍ഗാത്മകമല്ലാത്ത ചാറ്റിംഗും.

സുന്ദരമായ നിര്‍വചനം; അഭിനന്ദനങ്ങള്‍!
 
Post a Comment

Links to this post:

Create a Link<< Home

This page is powered by Blogger. Isn't yours?