Sunday, November 05, 2006

 

അതുല്യ,ദേവരാഗം,വിശാലന്‍,ശ്രീജിത്....ക്ഷമിക്കുക!

ഈ ബൂലോഗത്ത്‌ വലതുകാല്‍ വെച്ചുകയറിയതില്‍ പിന്നെ ഇന്നേവരെ സ്വന്തമായി ഒരു പോസ്റ്റ്‌ പോലും ചെയ്യാത്ത ഒരു സ്നേഹമുള്ള(വായനക്കാരോട്‌) ബ്ലോഗറായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ബ്ലോഗില്‍ നടന്നുവരുന്ന ചില കോലാഹല മലിനീകരണങ്ങള്‍ കാണുമ്പോള്‍ ഞാനും എന്റെ മൗന വാത്മീകം പൊളിക്കുന്നു. ബ്ലോഗില്‍ എഴുതാരില്ലെങ്കിലും ഒരുവിധം എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്‌! ഏതോ ഒന്നുരണ്ട്‌ പോസ്റ്റുകള്‍ക്ക്‌ കമന്റ്‌ എഴുതുകയും ചെയ്തു. (അതിലൊന്നില്‍ "ഉടന്‍ മഹാദേവി...എന്ന പദ്യഭാഗംത്തിലെ കുഴലിന്‌ കഴല്‍ എന്നെഴുതിപ്പോയത്‌ ഹേതുവായി ഉമേഷിന്റെ ഒരു തലോടലും കിട്ടി) അതുപോട്ടെ, എന്താണിപ്പോഴത്തെ പ്രശ്നം. വെളിക്കിരിക്കാത്തോന്‍ വെളിക്കിരിക്കുമ്പോള്‍ ഒന്നരക്കിലോമീറ്റര്‍ ദൂരത്തൂടെ നാട്ടാര്‍ക്ക്‌ വഴിനടക്കാന്‍ മേല എന്നു പറഞ്ഞ മാതിരി ആയി ഇപ്പോള്‍ കാര്യങ്ങള്‍. ഇതുവരെ വെറും ആശയപരമായി സംവാദങ്ങള്‍ നടത്തിയിരുന്നവര്‍ പരസ്പരം ചെളിയഭിഷേകം നടത്തി അന്യോന്യം നോക്കി അയ്യേ പറയുന്നു. ഉമേഷ്‌ കൈപ്പള്ളിയെ അല്‍പന്‍ എന്നു വിളിക്കുന്നതായി തോന്നുന്നു! അപ്പോള്‍ കൈപ്പള്ളി ഉമേഷിനെ അടിക്കും എന്നു പറഞ്ഞോ എന്നൊരു വര്‍ണ്ണ്യത്തിലാശങ്ക! അതോടെ അരവിന്ദനും ഉമേഷും മുണ്ടും മടക്കിക്കെട്ടി റോട്ടുമ്മലിറങ്ങി കൈപ്പള്ളിയോട്‌ പുത്തരിയങ്കം കുറിച്ചതായി കണ്ടു നിന്നവര്‍ അനുമാനിക്കുന്നു.ഇടിവാള്‍ ഇടയില്‍ കടക്കുന്നു...പാച്ചാളം കുറുകെയോടുന്നു....ഒടുക്കം താല്‍ക്കാലിക വെള്ളക്കൊടി. (മുന്‍പീ വെള്ള ക്കൗപീനം കണ്ടത്‌ ബാച്ചീ, നോണ്‍ബാച്ചീ സംവാദത്തിലായിരുന്നു..അതുപിന്നെ കാണാനൊരു രസമുണ്ടായിരുന്നു. പ്രതിപക്ഷ ബഹുമാനം വിടാത്ത ഒരു ചെറിയ നേരമ്പോക്ക്‌..)അതവിടെ തീര്‍ന്നോ? ഇല്ല! സംഭവം ഹേതുവായി പെരിങ്ങോടര്‍ ഇവിടെ ഒരു വലവിരിച്ചു. അതോടെ സംഗതി മറ്റൊരുതലത്തിലേക്ക്‌ കത്തിപ്പടരുകയും ചെയ്തു. ബ്ലോഗിലുണ്ടെന്ന്‌ പറയപ്പെടുന്ന ഗ്രൂപ്പുകളായി പിന്നത്തെ വിഷയം. അതെടുത്തിട്ടതോ സീനിയര്‍ ബ്ലോഗര്‍ അതുല്യയും. പറയാനുള്ളകാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാനുള്ള അതുല്യയുടെ പാടവം അവരുടെ പോസ്റ്റുകളും കമന്റുകളും പിന്തുടരുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. പക്ഷേ ദ്രൗപതിയും മൂന്നാമതൊരാളും ഞാനും എന്ന പോസ്റ്റില്‍ അവര്‍ക്കു ചുവട്‌ പിഴച്ചു എന്നു പറയാതെ വയ്യ. അവിടെ മറിയം കമന്റായിട്ട ഇംഗ്ലീഷ്‌ വേര്‍ഷന്റെ പച്ചയായ അനുകരനം ആയിരുന്നു അതെന്ന്‌ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അല്ലെങ്കില്‍ പ്രസ്തുത ഒറിജിനലിനോട്‌ ഒരു കടപ്പാടെങ്കിലും ചേര്‍ക്കാനുള്ള സാമാന്യമര്യാദ അവര്‍ക്ക്‌ കാണിക്കാമായിരുന്നു. ഇതൊന്നും ചെയ്യാതെ എങ്ങുമെത്താതെയുള്ള ഒരു വിശദീകരണവും നല്‍കി ആ പോസ്റ്റിന്മേലുള്ള ചര്‍ച്ച അവര്‍ അവസാനിപ്പിക്കുകയാണ്‌ ചെയ്തത്‌. അതിനു തുടര്‍ച്ചയായാണോ അവര്‍ പെരിങ്ങോടന്റെ പോസ്റ്റില്‍ ഗ്രൂപ്പിസം എന്നൊരു പുതിയ സംവാദക്കൊടുങ്കാറ്റിന്‌ തിരികൊളുത്തിയത്‌ എന്നൊരുസംശയം മറിയം ഉന്നയിച്ചും കണ്ടു. എന്തായാലും ബ്ലോഗാഭിമ്മനിയില്‍ മാഗ്നിഫയറിന്റെ ഒരു കമന്റില്‍ കണ്ടപോലെ രാജാവിന്‌ തുണീം കോണോനുമില്ല എന്ന്‌ വിളിച്ചുപറയാനുള്ള ചങ്കുറപ്പ്‌ അതുല്യ കാണിച്ചു. ഇവരില്‍ പലരേയും നാളെയും കാണേണ്ടതാണല്ലോ എന്നത്‌ അവരെ അതുപറയുന്നതില്‍ നിന്നും തടഞ്ഞുമില്ല. അത്രയും നല്ലത്‌. പക്ഷേ ആ കുറിപ്പിനുശേഷം വന്ന പിന്മൊഴികളില്‍ പെരിങ്ങോടരടക്കം പലരും സമ്മതിച്ച ഒരുകാര്യമുണ്ട്‌. വ്യക്തിബന്ധങ്ങളുടെ കെട്ടുപാടുകള്‍ ഒരു ബ്ലോഗറുടെ സൃഷ്ടിയെ വിലയിരുത്തുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്‌ എന്നതാണത്‌. ഈ ഒരു വസ്തുതയെ ഒന്നു വിശകലനം ചെയ്യേണ്ടതുണ്ട്‌ എന്നു തോന്നുന്നു. അതിനുമുന്‍പ്‌ ഒരു മുന്‍കൂര്‍ ജാമ്യം. ഇനി തുടര്‍ന്ന്‌ വരുന്ന ഭാഗങ്ങളില്‍ ഏതെങ്കിലും സൃഷ്ടിയേയോ ബ്ലോഗറേയോ എവിടെയെങ്കിലും പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ അതവരോടുള്ള വ്യക്തിവിദ്വേഷമോ അല്ലെങ്കില്‍ പക്ഷപാതിത്വമോ ആയി കാണാതിരിക്കുക. ചിലബ്ലോഗര്‍മാര്‍ അല്ലെങ്കില്‍ ചില സൃഷ്ടികള്‍ എന്നു പറയുന്നത്‌ ഒരു തരം ഭീരുത്വമാകും. പറയാനുള്ളത്‌ കഴിയുന്നതും കൃത്യമായി പറയാനാണെനിക്കിഷ്ടം.

ആദ്യമായി ആലോചിക്കാനുള്ളത്‌ മലയാളം ബ്ലോഗുകളില്‍ വരുന്ന രചനകളെ സത്യസന്ധമായി വിലയിരുത്താന്‍ ഇതുവരെ ആരെങ്കിലും ആത്മാര്‍ത്ഥമായുള്ള വല്ല ശ്രമവും നടത്തിയിട്ടുണ്ടോ എന്നാണ്‌. കണ്ണുംപൂട്ടി ഇല്ല എന്നുത്തരം. ബ്ലോഗ്‌ വാരഫലം എന്നപേരില്‍ ശ്രീ ഉമേഷ്‌ ഉച്ചിവെയ്ക്കലും ഉദകക്രിയയും ഏതാണ്ട്‌ ഒരേസമയം നടത്തിയ ഒരുശ്രമം മാത്രം എടുത്തുപറയാം. പിന്നെ ഇപ്പോള്‍ ബ്ലോഗാഭിമാനി. അതിന്റെ ഉപഞ്ജാതാക്കള്‍ തന്നെ പറയുംപോലെ ഒരു തമാശ. അതിനെ അങ്ങിനെയേ കാണാനൊക്കൂ. ഈ ഒരു അവസ്ഥയ്ക്ക്‌ കാരണവുമുണ്ട്‌. അറിഞ്ഞിടത്തോളം ഒരുമാതിരിയെല്ലാ മലയാളം ബ്ലോഗ്ഗര്‍മാരും ഒരുപാടു തിരക്കുകള്‍ക്കിടയില്‍നിന്നു വീണുകിട്ടുന്ന അല്ലെങ്കില്‍ അപഹരിച്ചെടുക്കുന്ന ഒരിത്തിരി സമയം ബ്ലോഗിങ്ങിനുവേണ്ടി കണ്ടെത്തുന്നവരാണ്‌. ഈ ഒരു ചുരുങ്ങിയ സമയം കൊണ്ട്‌ ദിനേന വരുന്ന പോസ്റ്റുകള്‍ ഒന്നു ഓടിച്ചു നോക്കുവാനുള്ള സമയം പോലും മിക്കവര്‍ക്കുമില്ല. പിന്നല്ലേ വിലയിരുത്തലും വിശകലനവും! അപ്പോള്‍ സ്വാഭാവികമായും ഒരു ബ്ലോഗര്‍ ആദ്യം ചെയ്യുന്നത്‌ താന്‍ വല്ലപോസ്റ്റും ഇട്ടിട്ടുണ്ടെങ്കില്‍ അതിനു വല്ല കമന്റ്സും ഉണ്ടോ എന്നു നോക്കലായിരിക്കും. പിന്നെ പിന്മൊഴികളും, തനിമലയാളവും തുറന്നു നോക്കി വളരെ സെലക്ടീവ്‌ ആയുള്ള ഒരു ഓടിച്ചുവായിക്കല്‍. ഈ സെലക്ടീവ്‌ റീഡിംഗാണ്‌ അതുല്യ പറയുന്ന ഗ്രൂപ്‌ ആയി രൂപാന്തരം പ്രാപിക്കുന്നത്‌. മിക്കവര്‍ക്കും ബ്ലോഗിംഗിനു പുറത്തുള്ള സൗഹൃദങ്ങളും ബന്ധങ്ങളും ഈ ഒരു തെരഞ്ഞെടുക്കലിനെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്‌. ആ ഒരു സര്‍ക്കിളിനു പുറത്തേക്ക്‌ തങ്ങളുടെ സുഹൃദ്ഭാവനയെ വ്യാപരിപ്പിക്കാന്‍ പലരും തയ്യാറാവുന്നില്ല എന്നിടത്താണ്‌ പുതുതായി ബ്ലോഗില്‍ വരുന്നവരുടെ ദുര്യോഗം ഇരിക്കുന്നത്‌. അതെത്ര നല്ല എഴുത്തുകാരനായാലും! ഉദാഹരണത്തിന്‌ ഹരികുമാര്‍ എന്ന അറിയപ്പെടുന്ന എഴുത്തുകാരനെ ബ്ലോഗിലൂടെ അറിയാന്‍ എത്രപേര്‍ ശ്രമിച്ചു? അതുപോലെ മേതില്‍ രാധാകൃഷ്ണന്‍. ഗൗരവതരമായ വായനയ്ക്ക്‌ ഈ ബ്ലോഗ്‌ ലോകത്തില്‍ സ്ഥാനമില്ല എന്നു മനസ്സിലാക്കിയാണെന്നു തോന്നുന്നു, അവരാരും ഇപ്പോള്‍ ഈ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കുന്നില്ല. ഇപ്പോള്‍ പി.പി രാമചന്ദ്രന്‍ മാത്രമുണ്ട്‌ ആ ഒരു ഗണത്തില്‍. അതും എത്ര നാളത്തേയ്ക്ക്‌ എന്നറിയില്ല. (കൂട്ടത്തില്‍ പറയട്ടെ, കെട്ടിയ കുറ്റിക്കു ചുറ്റും കറങ്ങാതെ ഒരുമാതിരി എല്ലാവരുടെ രചനകളിലും, അത്‌ പുതിയവരായാലും പഴയവരായാലും, "കൊള്ളാം, നന്നായിരിക്കുന്നു" എന്നൊരു കയ്യൊപ്പുചാര്‍ത്താന്‍ സുമനസ്സ്‌ കാണിക്കുന്ന ഒരാളേയും കണ്ടെത്താന്‍ കഴിഞ്ഞു. വല്ല്യമ്മായി.)അങ്ങിനെ നോക്കുമ്പോള്‍ ഈ മലയാളം ബ്ലോഗിംഗ്‌ എന്നത്‌ സാഹിത്യപരമായ കാരണങ്ങള്‍ കൊണ്ടല്ല നിലനിന്നുപോകുന്നത്‌. മറിച്ച്‌ വ്യക്തിപരമായ, സൗഹൃദപരമായ അല്ലെങ്കില്‍ ആശയപരമായ ചില കാരണങ്ങള്‍ കൊണ്ടാണ്‌. ഒന്നുകൂടെ തെളിച്ചുപറഞ്ഞാല്‍ സര്‍ഗ്ഗാത്മകമായ ഒരു ചാറ്റിംഗ്‌ മാത്രമാകുന്നു ബ്ലോഗിംഗ്‌! ചിലപ്പോള്‍ സര്‍ഗാത്മകമല്ലാത്ത ചാറ്റിംഗും. അതുകൊണ്ടാണ്‌ മികച്ച രചനകളേക്കാള്‍കൂടുതല്‍ ചര്‍ച്ചകള്‍ കാമ്പും കഴമ്പുമില്ലാത്ത ചില പോസ്റ്റുകളില്‍ നടക്കുന്നത്‌. വിവാഹിതന്മാരും അവിവാഹിതന്മാരും ചേര്‍ന്ന്‌ നടത്തിയ സംവാദക്കോലാഹലങ്ങള്‍ ഉദാഹരണം. ഒന്നുകൂടെ വിശദമാക്കാം.

ശ്രീ ദേവരാഗം യൂ.ഇ.ഇ യിലെ ഒരു കടപ്പുറത്ത്‌ വെറുതേ കടലിലേക്കു നോക്കിക്കൊണ്ടിരിക്കുന്ന ഒരു ഫൊട്ടോ ഒരു ബ്ലോഗില്‍ വരുന്നു (ആ ബ്ലോഗില്‍ എന്തിടണം എന്നു തീരുമാനിക്കാനുള്ള ബ്ലോഗറുടെ സ്വാതന്ത്ര്യത്തെയല്ല ഞാന്‍ പരാമര്‍ശിക്കുന്നത്‌)പ്രത്യേകിച്ചൊരു പ്രത്യേകതയും ഇല്ലാത്ത ഒരു പടം. അപ്പോള്‍ പ്രസ്തുത പോസ്റ്റിനു വരുന്ന പിന്മൊഴികള്‍ ഏതുവകുപ്പില്‍ പെടുത്താം. ദേവന്‍ എന്ന വ്യക്തിയുടെ പേഴ്സണല്‍ എക്കൗണ്ടില്‍ വരുന്ന കമന്റുകളാണവ. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കാരണമായി കൂടുതല്‍ വിപുലമായ ഒരു പരിചയവലയം അദ്ദേഹത്തിനുള്ളത്‌ കൊണ്ട്‌ അത്രയും കമന്റുകള്‍ അതിനു കൂടുതലുണ്ടാവുന്നു. നേരെ മറിച്ച്‌ സ്നേഹപൂര്‍വം കടലിലേക്കു നോക്കിക്കൊണ്ടിരിക്കുന്ന ഒരു പടം ഈ ബ്ലോഗില്‍ വന്നാലോ. "എന്താമാഷേ കടലീച്ചാടി വടിയാവാന്‍ വല്ല പരിപാടിയുമുണ്ടോ" എന്ന്‌ പാച്ചാളം ഒരു കമന്റിട്ടാലായി. അതു തന്നെയാണതിന്റെ വ്യത്യാസവും. വിപുലീകരിച്ച ഒരു തരം ചാറ്റിംഗ്‌. അതുമാത്രമായി നിലനിന്നുപോകുന്നു ബ്ലോഗിംഗ്‌. ഒരു തല്‍സമയ ഉദാഹരണം കൂടെ തരാം. നാട്ടീന്നു വന്നതിനുശേഷം വിശാലമനസ്കന്‍ കൊടകരപുരാണത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്‌. "നിരപരാധി". അദ്ദേഹത്തിന്റെ മുന്‍കാല രചനകള്‍ വെച്ചു നോക്കുമ്പോള്‍ ശരാശരിക്കും താഴെ മാത്രം മാര്‍ക്ക്‌ കൊടുക്കാന്‍ പറ്റുന്ന ഒരു പോസ്റ്റ്‌. ഇതുവരെയായി "അപ്പോള്‍ശരി" മുതല്‍ "കുഞ്ഞന്‍സ്‌ വരെയുള്ളവരുടെ കമന്റുകള്‍ വന്നു. അവയിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിനോക്കൂ. ഇരിങ്ങല്‍ രാജു, അതുല്യ ഒരളവുവരെ പെരിങ്ങോടര്‍ ഇവരെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുള്ളവര്‍ ആ പോസ്റ്റിനല്ല മറിച്ച്‌ വിശാലമനസ്കന്‍ എന്ന വ്യക്തിക്കാണ്‌ കമന്റ്‌ ചെയ്തിരിക്കുന്നത്‌ എന്നു തോന്നും. ശ്രീ സന്തോഷ്‌ അക്കാര്യം തുറന്നുപറയുകയും ചെയ്തു.ഇതേ പൊതുസ്വഭാവം തന്നെ ശ്രീജിത്തിന്റെ "മണ്ടത്തരങ്ങളില്‍" വന്ന പരീക്ഷാ മണ്ടത്തരത്തിലും കാണാം. പണ്ടെങ്ങോ ആരൊക്കെയോ പറഞ്ഞു തേഞ്ഞ ഒരു നാലാംകിട ഫലിതം പൊടിതട്ടിയെടുത്ത്‌ ബ്ലോഗിലിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കും? തീര്‍ച്ചയായും ഈ തട്ടകത്തില്‍ ശ്രീജിത്‌ എന്ന വ്യക്തി സജീവമായി നിലനില്‍ക്കുന്നുണ്ടെന്നും അതു മറ്റുള്ള സഹബ്ലോഗര്‍മാര്‍ മറന്നുപോകരുതെന്നുമുള്ള ഒരു സ്വയം അടയാളപ്പെടുത്തല്‍. അങ്ങിനെയല്ലേ അതിനെ നിര്‍വചിക്കാന്‍ പറ്റൂ? (ബഹുമുഖങ്ങളായ കഴിവുകള്‍ ഉള്ള ശ്രീജിത്തിനെപോലുള്ളവര്‍ ഇത്തരം വിലകുറഞ്ഞ ഗിമ്മിക്കുകള്‍ക്ക്‌ പിന്നാലെ പോകുന്നതെന്തിന്‌ എന്ന ചോദ്യം നമ്മുക്ക്‌ വേറെ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു) ഒരര്‍ഥത്തില്‍ കമന്റുകളും മറുകമന്റുകളും അനുഷ്ഠിക്കുന്ന പ്രാഥമികമായ കര്‍ത്തവ്യവും ഇതുതന്നെ. സ്വയം അടയാളപ്പെടുത്തല്‍! (ദേവരാഗവും വിശാലനും ശ്രീജിത്തുമൊക്കെ മലയാളം ബ്ലോഗ്‌ലോകത്തിന്റെ അറിയപ്പെടുന്ന ഐക്കണുകള്‍ ആയത്‌ കൊണ്ടാണ്‌ അവരെ ഉദാഹരണമായെടുത്തത്‌, അല്ലാതെ ഞാന്‍ അവരുടെ എതിര്‍ ഗ്രൂപ്പില്‍ മെംബര്‍ഷിപ്‌ എടുത്തത്‌ കൊണ്ടല്ല എന്നു വ്യക്തമാക്കട്ടെ)അപ്പോള്‍ മലയാളം ബ്ലോഗിംഗ്‌ എന്നത്‌ വ്യക്തികളെ കേന്ദ്രീകരിച്ച്‌ കറങ്ങുന്ന ഒരു ബൂലോഗം ആണ്‌ - തല്‍ക്കാലത്തേക്കെങ്കിലും - എന്ന ഒരു സാമാന്യവല്‍ക്കരണം എളുപ്പം സാധ്യമാണ്‌ ഒരു സ്ഥിര വായനക്കാരന്‌ എന്നുവരുന്നു. ഉത്തരം തന്നെ വളഞ്ഞിരിക്കുമ്പോള്‍ പിന്നെ കഴുക്കോലുകള്‍ക്കെന്തു പ്രസക്തി? രചനകള്‍ തന്നെ ഇവ്വിധമാകുമ്പോള്‍ അവയെ അധികരിച്ചുള്ള വിശകലങ്ങള്‍ക്കെവിടെ സ്ഥാനം? ആ പാഴ്‌വേലയ്ക്കാര്‍ക്കു നേരം? അല്ലേ! മറ്റൊന്നുകൂടി. സര്‍വശ്രീ എം. കൃഷ്ണന്‍ നായരും, ഗുപ്തന്‍ നായരും(അവരുടെ ആത്മാക്കള്‍ക്ക്‌ നിത്യശാന്തിയായിരിക്കട്ടെ) ആഷാമേനോനും, സുകുമാര്‍ അഴീക്കോടും, ഡോ. ലീലാവതിയുമൊക്കെ വിമര്‍ശനവും വിശകലനവും നടത്തുമ്പോള്‍ ആ കൃത്യത്തിന്‌ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിനും, സമയത്തിനുമൊക്കെ പ്രതിഫലം എന്നൊരു പ്രലോഭനം ഉണ്ടായിരുന്നു അല്ലെങ്കില്‍ ഉണ്ട്‌. ഇവിടെ പുണ്യത്തിനു പൂരപ്പാട്ട്‌ പാടുംപോലുള്ള ഈ ബ്ലോഗ്‌ വിശകലന ഇടപാടിന്‌ സ്വതേ തന്നെ സമയം കമ്മിയായ ബ്ലോഗെഴുത്തുകാരില്‍ ആരെങ്കിലും മുതിര്‍ന്നിട്ടെന്തു കിട്ടാന്‍? അതും ഒരു കാരണം.

ഇനി അപൂര്‍വമായെങ്കിലും ബ്ലോഗില്‍ കാണപ്പെടാറുള്ള ചില കഴമ്പുള്ള ചര്‍ച്ചകളില്‍ കാണപ്പെടാറുള്ള ഒരു വാദത്തെക്കുറിച്ച്‌. എന്റെ ബ്ലോഗ്‌ എന്നത്‌ എന്റെമാത്രം ബ്ലോഗാവുന്നു. അതില്‍ എനിക്കിഷ്ടമുള്ളത്‌ ഞാന്‍ പോസ്റ്റായിടും. നിങ്ങള്‍ക്ക്‌ സൗകര്യമുണ്ടെങ്കില്‍ വായിച്ചാപ്പോരേ? എഗ്രീഡ്‌, ഞങ്ങള്‍ക്ക്‌ സൗകര്യമുണ്ടെങ്കിലേ വായിക്കുന്നുള്ളൂ. പക്ഷേ നിങ്ങളെന്തിനാണ്‌ കമന്റുകളിടാനുള്ള ഓപ്ഷന്‍ തുറന്നുവെച്ചിരിക്കുന്നത്‌? അതിനര്‍ഥം വായനക്കാരുടെ പ്രതികരണവും അഭിപ്രായങ്ങളും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്‌ എന്നതു തന്നെയല്ലേ? നിങ്ങളുടെ സൃഷ്ടിയെ മറ്റുള്ളവരുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചിട്ട്‌, " ഹേയ്‌ ഞാന്‍ ഈ കമന്റുകളിലൊന്നും വിശ്വസിക്കുന്നില്ല" എന്നു പറയുന്നത്‌ വിലകുറഞ്ഞ ഒരു തരം ജാടയല്ലാതെ മറ്റെന്താണ്? അപ്പോള്‍ ബാല്യദശ പിന്നിട്ടിട്ടില്ലാത്ത ഈ ബ്ലോഗിംഗിന്റെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണെന്ന്‌ നമുക്ക്‌ അംഗീകരിക്കാം. പക്ഷേ സ്വയം പ്രകാശനത്തിന്റേയും കൂട്ടായ്മയുടെയും പാതയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഈ മാധ്യമത്തെ വ്യക്തിതാല്‍പര്യങ്ങള്‍ക്കതീതമായി വളര്‍ത്തിയെടുക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നൊരു ചര്‍ച്ചയാണ്‌ യഥാര്‍ത്തത്തില്‍ ഈ ഭൂമികയെ സ്നേഹിക്കുന്ന ഒരാള്‍ ആഗ്രഹിക്കുക!

ഇനി ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടും ബ്ലോഗെഴുത്തുകാരില്‍ നിന്ന്‌ മൂല്യവത്തും അര്‍ഥവത്തുമായ സൃഷ്ടികള്‍ രൂപംകൊള്ളുന്നില്ലേ? വാക്കുകളോട്‌ ആത്മാര്‍ത്ഥതയും, എഴുത്തിനോട്‌ പ്രതിബദ്ധതയും ഉള്ള എഴുത്തുകാര്‍ ഈ തട്ടകത്തില്‍ ഇല്ലേ? തീര്‍ച്ചയായും ഉണ്ട്‌ എന്നു തന്നെയാണ്‌ ഉത്തരം. വളരെച്ചുരുങ്ങിയ കാലം എനിക്കു ബ്ലോഗ്‌ ലോകവുമായുള്ള പരിചയത്തിനിടയില്‍ വായിക്കാന്‍ ഇടയായ ഇത്തരം വളരെച്ചുരുക്കം രചനകളെക്കുറിച്ചും എഴുത്തുകാരെക്കുരിച്ചും കൂടെ പറയാതെ ഇതവസാനിപ്പിക്കുന്നത്‌ ശരിയല്ല എന്നു തോന്നുന്നു. സമയപരിമിതിയും എഴുത്തിന്റെ നീളക്കൂടുതല്‍ എന്ന ബോധവും കാരണമായി ആ വിഷയം മറ്റൊരു പോസ്റ്റ്‌ ആയിടുന്നതാവും ഉചിതം. (എന്തായാലും തുടങ്ങി, ഇനി തീര്‍ത്തിട്ട്‌ നിര്‍ത്താം അല്ലേ?)

This page is powered by Blogger. Isn't yours?